സ്വന്തം ലേഖകന്‍: ബിഗ്ബോസില്‍ മൊട്ടിട്ട ശ്രീനിഷ്, പേളി പ്രണയം പൂവണിയുന്നു; വിവാഹം എപ്പോഴാണെന്ന ചോദ്യത്തിന് മറുപടിയുമായി ശ്രീനിഷ്. ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതിന് ശേഷവും ഇവര്‍ കണ്ടുമുട്ടിയിരുന്നു. വിവാഹത്തെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങളുമായി ശ്രീനി ഇപ്പോള്‍ രംഗത്തെത്തിയിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു ഇക്കാര്യം വിശദീകരിച്ചത്.
മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു ബിഗ്ബോസ് ആരാധകര്‍ക്കിടയില്‍ ഇവര്‍ക്ക് ലഭിച്ചത്. പരിപാടിയില്‍ വെച്ച് പ്രണയത്തിലായ ഇരുവരും മത്സരത്തില്‍ തുടരുന്നതിന് വേണ്ടിയാണ് അങ്ങനെ ചെയ്യുന്നതെന്ന് വിമര്‍ശനവും ഉയര്‍ന്നു. സഹമത്സരാര്ത്ഥികളുള്പ്പടെ നിരവധി പേരായിരുന്നു ഇവര്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.
മത്സരത്തിലെത്തി നാളുകള്‍ പിന്നിടുന്നതിനിടയിലായിരുന്നു തനിക്ക് പുറത്ത് പോണമെന്ന് വ്യക്തമാക്കി പേളിയെത്തിയത്. ഈ സമയത്ത് താരത്തെ ആശ്വസിപ്പിച്ചതും മത്സരത്തില്‍ തുടരാനായി നിര്‍ബന്ധിച്ചതും ശ്രിനിയായിരുന്നു. ഇതിനിടയിലായിരുന്നു തന്റെ ആനവാല് മോതിരം ശ്രീനി പേളിക്ക് കൈമാറിയത്.
ശ്രീനിയുടെ മോതിരം പേളിയുടെ വിരലില്‍ കണ്ടതും മാറി നിന്നുള്ള ഇവരുടെ സംസാരവും കണ്ണുകളുടെ നോട്ടവുമൊക്കെയായപ്പോഴാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് മത്സരാര്‍ത്ഥികള്‍ പറഞ്ഞത്. ശ്രിനീയും പേളിയും പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയായാണ് മോഹന്‍ലാല്‍ ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചത്. തങ്ങളിരുവരും പ്രണയത്തിലാണെന്നും ഇനിയുള്ള ജീവിതം ഒരുമിച്ചാവാന്‍ ആഗ്രഹിക്കുന്നുവെന്നുമായിരുന്നു ഇരുവരും പറഞ്ഞത്.
ഇതിനായി പരിശ്രമിക്കണമെന്ന് മോഹന്‍ലാലിനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു ഇവര്‍. താനും അതിനായി പ്രയത്നിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു. ബിഗ് ബോസ് കഴിഞ്ഞ് പുറത്തെത്തിയപ്പോള്‍ മുതല്‍ ശ്രീനിയോടും പേളിയോടും ആരാധകര്‍ ചോദിക്കുന്നതും എന്നായിരിക്കും ആ വിവാഹമെന്നാണ്. 2019 ല്‍ വിവാഹം നടക്കുമെന്നും മാര്‍ച്ച് അല്ലെങ്കില്‍ ഏപ്രിലിലായിരിക്കും വിവാഹമെന്നും ശ്രീനി പറയുന്നു. രാധിക നായരുമായി സംസാരിക്കുന്നതിനിടയിലായിരുന്നു താരം ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.
എന്നായിരിക്കും വിവാഹമെന്നുള്ള കാര്യത്തെക്കുറിച്ച് പലരും ചോദിച്ച് തുടങ്ങിയിരുന്നതായും അത്ര പെട്ടെന്ന് സെറ്റ് ചെയ്യാന്‍ കഴിയുന്നതല്ല വിവാഹമെന്നും ശ്രീനി പറയുന്നു. വെക്കേഷന് സീസണില്‍ വിവാഹം നടത്തിയാല്‍ എല്ലാവര്ക്കും പങ്കെടുക്കാനാവും, അതേക്കുറിച്ചൊക്കെയാണ് ഇപ്പോളത്തെ ആലോചന, ജനുവരിയിലായിരിക്കും തങ്ങളുടെ വിവാഹ നിശ്ചയമെന്നും താരം പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല