സ്വന്തം ലേഖകന്‍: ‘ഞാന്‍ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്,’ ആള്‍മാറാട്ട വിവാദത്തില്‍ പ്രതികരണവുമായി നൈജീരിയന്‍ പ്രസിഡന്റ്. ആള്‍മാറാട്ട വിഷയത്തില്‍ പ്രതികരണവുമായി നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദു ബുഹാരി രംഗത്ത്. താന്‍ മരിച്ചുപോയെന്നും തന്റെ അപരനാണ് രാജ്യം ഭരിക്കുന്നതെന്നുമുള്ള പ്രചരണങ്ങള്‍ നിഷേധിച്ചുമാണ് നൈജീരിയന്‍ പ്രസിഡന്റിന്റെ രംഗപ്രവേശം.
ചികിത്സയ്ക്കായി ലണ്ടനിലേക്ക് പോയ ബുഹാരി മരിച്ചുവെന്നും അദ്ദേഹവുമായി രൂപസാദൃശ്യമുള്ള സുഡാന് സ്വദേശിയാണ് നിലവില്‍ പ്രസിഡന്റ് സ്ഥാനത്തുള്ളതെന്നുമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ കഴിഞ്ഞ ഏതാനും മാസങ്ങളായി നടക്കുന്ന പ്രചാരണം.
എന്നാല്‍ നീണ്ട നാളത്തെ മൗനത്തിനൊടുവിലാണ് ആള്‍മാറാട്ട വിഷയത്തില്‍ പ്രതികരണവുമായി മുഹമ്മദു ബുഹാരി രംഗത്തെത്തിയത്. അടുത്ത ഫെബ്രുവരിയില്‍ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ബുഹാരി കഴിഞ്ഞ വര്‍ഷം അഞ്ചുമാസത്തോളം ബ്രിട്ടനിലായിരുന്നു. ഇതേത്തുടര്‍ന്നാണ് സാമൂഹികമാധ്യമങ്ങള്‍ വഴി അഭ്യൂഹങ്ങള്‍ പരന്നത്.
ഇത് ഞാന്‍ തന്നെയാണ്, ഞാന്‍ ഉറപ്പിച്ച് പറയുന്നു. ഉടന്‍ തന്നെ എന്റെ 76 ആം പിറന്നാള്‍ ആഘോഷിക്കാന്‍ പോകുകയാണ്. മാത്രമല്ല ഞാന്‍ കൂടുതല്‍ ആരോഗ്യവാനായിക്കൊണ്ടിരിക്കുകയുമാണ്. പോളണ്ടിലെ നൈജീരിയന്‍ വംശജരോട് സംസാരിക്കവേ ബുഹാരി പറഞ്ഞു. തന്നെ ആരെങ്കിലും ഉപദ്രവിക്കുന്നുണ്ടെങ്കില്‍ അത് തന്റെ കൊച്ചുമക്കള്‍ മാത്രമാണെന്നും അവരുടെ ഉപദ്രവം കുറച്ചു കൂടുതലാണെന്നും ബുഹാരി ചിരിച്ചുകൊണ്ട് കൂട്ടിച്ചേര്‍ത്തു.
തെളിവുകളൊന്നും നിരത്താതെയുള്ള പ്രചരണമായിട്ടും പതിനായിരക്കണക്കിന് ആളുകളാണ് ബുഹാരി മരിച്ചുപോയെന്നും അപരനാണ് രാജ്യം ഭരിക്കുന്നതെന്നുമുള്ള വീഡിയോ കണ്ടത്. സുഡാന് സ്വദേശിയായ ജുബ്റില്‍ ആണ് ബുഹാരിയുടെ അപരനെന്നും വാര്‍ത്തകള്‍ പരന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല