സ്വന്തം ലേഖകന്‍: ഫ്രാന്‍സിനെ ഇളക്കിമറിച്ച മഞ്ഞക്കുപ്പായക്കാര്‍ക്ക് മുന്നില്‍ ഫ്രഞ്ച് സര്‍ക്കാര്‍ മുട്ടുകുത്തി; ഇന്ധന വിലവര്‍ധന മരവിപ്പിച്ചു. ഇന്ധനനികുതി വര്‍ധിപ്പിക്കാനുള്ള നീക്കം ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തതായി ഫ്രഞ്ച് പ്രധാനമന്ത്രി എഡുവാര്‍ഡ് ഫിലിപ്പ് പ്രഖ്യാപിച്ചു. പെട്രോള്‍ ലിറ്ററിന് നാലു യൂറോ സെന്റ്സ് വച്ച് ജനുവരി മുതല്‍ വര്‍ധിപ്പിക്കാനുള്ള പദ്ധതിയാണു മരവിപ്പിച്ചത്. നിലവില്‍ പെട്രോളിന് ലിറ്ററിന് 1.42 യൂറോയാണു വില. വൈദ്യുതി ചാര്‍ജ് വര്‍ധനയും മരവിപ്പിച്ചിട്ടുണ്ട്.
എലീസി കൊട്ടാരത്തില്‍ നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് പ്രധാനമന്ത്രി നികുതിവര്‍ധന നീക്കം മരവിപ്പിച്ചതായി ടിവിയില്‍ പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ ഐക്യത്തിനു വിഘാതമാകുന്ന ഒരു നികുതിക്കും നിലനില്പില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ രോഷം കണക്കിലെടുക്കേണ്ടതുണ്ടെന്നും കൂടുതല്‍ ചര്‍ച്ചകള്‍ക്കുശേഷമേ അനന്തര നടപടികള്‍ എടുക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
മലിനീകരണമുണ്ടാക്കുന്ന ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ മക്രോണ്‍ ഭരണകൂടം കൊണ്ടുവന്ന നികുതിവര്‍ധനയ്ക്ക് എതിരേ നവംബര്‍ 17നാണ് പെട്രോള്‍ പമ്പുകളും റോഡുകളും ഉപരോധിച്ച് സമരം തുടങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണം കിട്ടിയതിനെത്തുടര്‍ന്നു മഞ്ഞ ട്രാഫിക് കുപ്പായം ധരിച്ച് നിരവധി പേര് ഫ്രഞ്ച് നഗരങ്ങളില്‍ സമരത്തിനിറങ്ങി.
പാരീസില്‍ കഴിഞ്ഞ!യാഴ്ച സമരക്കാര്‍ ആര്‍ക്ക് ഡി ത്രയോംഫിലെത്തി പ്രതിമകള്‍ തകര്‍ക്കുകയും കെട്ടിടങ്ങളുടെ ജനാലച്ചില്ലുകള്‍ എറിഞ്ഞുടയ്ക്കുകയും ചെയ്തു. നൂറോളം കാറുകള്‍ അഗ്നിക്കിരയാക്കി. പോലീസിനു നേര്‍ക്ക് കല്ലേറുണ്ടായി. 23 പോലീസുകാര്‍ ഉള്‍പ്പെടെ നൂറിലധികം പേര്‍ക്കു പരിക്കേറ്റു. 400 പേരെ കസ്റ്റഡിയിലെടുത്തു. സമരത്തില്‍ ഇതുവരെ മൂന്നു പേര്‍ക്കു ജീവഹാനി നേരിട്ടിട്ടുണ്ട്. ബുവേനോസ് ആരീസിലെ ജി20 സമ്മേളനത്തില്‍നിന്നു മടങ്ങിയെത്തിയ പ്രസിഡന്റ് മക്രോണ്‍ ആര്‍ക് ഡി ത്രയോംഫ് സന്ദര്‍ശിച്ച് നാശനഷ്ടം വിലയിരുത്തി.
സമരക്കാരുടെ ആവശ്യം അംഗീകരിക്കില്ലെന്നു പറഞ്ഞ മക്രോണ്‍ ഒടുവില്‍ മുട്ടുമടക്കിയെങ്കിലും ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ സമരം തുടരുമെന്ന് മഞ്ഞക്കുപ്പായക്കാര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല