സ്വന്തം ലേഖകന്‍: യുക്രെയിന്, റഷ്യ സംഘര്‍ഷ മേഖലയിലേക്ക് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍; കരിങ്കടലിലെ സൈനിക നീക്കങ്ങള്‍ ആശങ്കയോടെ വീക്ഷിച്ച് അയല്‍രാജ്യങ്ങള്‍. അമേരിക്കന്‍ നീക്കം, മൂന്ന് രാജ്യങ്ങള്‍ക്കിടയില്‍ സൈനിക നീക്കത്തിനുള്ള സാധ്യത കൂടുതലാണ്, യുക്രെയിന് കപ്പലുകള്‍ക്ക് നേരെ റഷ്യ വെടിവെച്ചതോടെയാണ് ഈ രാജ്യങ്ങള്‍ക്കിടയില്‍ വീണ്ടും സംഘര്‍ഷം ആരംഭിച്ചത്.
കഴിഞ്ഞ മാസം അവസാനത്തോടെയാണ് സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് യുക്രെയിന് യുദ്ധക്കപ്പലുകള്‍ക്ക് നേരെ റഷ്യ വെടിവെച്ചത്. കൂടാതെ നാവിക ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്ത് റിമാന്‍ഡ് ചെയ്യുകയും ചെയ്തു. ഇതിന്റെ പ്രതികാരമെന്നോണം യുക്രൈയിന് അതിര്‍ത്തി മേഖലയില്‍ പട്ടാളനിയമം പ്രഖ്യാപിച്ചു. നിലവില്‍ ക്രൈമിയ മേഖലയില്‍ മിസൈല്‍ വാഹിനികള്‍ വിന്യസിച്ചിരിക്കുകയാണ് റഷ്യ. ഇരുരാജ്യങ്ങളും പ്രകോപനം തുടരുന്നതിനിടെയാണ് അമേരിക്ക കരിങ്കടലില്‍ യുദ്ധക്കപ്പലുകള്‍ വിന്യസിക്കാന്‍ തയ്യാറെടുക്കുന്നത്.
അമേരിക്ക കൂടി ഈ തര്‍ക്കത്തിലേക്ക് വരുന്നതോടെ നിലവിലെ സംഘര്‍ഷ സാധ്യത ഇരട്ടിയാകും. തര്‍ക്കമേഖലയില്‍ യുദ്ധക്കപ്പലുകള്‍ അയക്കുന്നകാര്യം തുര്‍ക്കി സര്‍ക്കാരിനെ അറിയിക്കണമെന്ന് പെന്റഗണ്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിനോട് പറഞ്ഞു. യുക്രെയിനിന് നേരെ പ്രകോപനം തുടരുന്ന റഷ്യക്കുള്ള മറുപടിയാണിതെന്നും പെന്റഗണ്‍ വ്യക്തമാക്കി. അസോവ് സമുദ്രത്തിനും കരിങ്കടലിനും ഇടയിലെ കെര്‍ച്ച് സ്ട്രേറ്റിലാണ് യുഎസ് നീക്കം നടക്കുന്നത്.
കിഴക്കന്‍ മേഖലയില്‍ യുക്രെയിന് യുദ്ധസമാനമായ തയ്യാറെടുപ്പുകള്‍ നടത്തുന്നുവെന്ന് റഷ്യ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് അമേരിക്ക യുദ്ധകപ്പലുകള്‍ അയക്കുന്നത്. 2014ല്‍ ക്രൈമിയ റഷ്യയുമായി കൂട്ടിച്ചേര്‍ത്തപ്പോള്‍ അമേരിക്ക യുക്രെയിനിനൊപ്പമായിരുന്നു. ബുധനാഴ്ച ജപ്പാന് സമുദ്രത്തില്‍ അമേരിക്കന്‍ സൈനിക പരിശീലനം നടന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല