സ്വന്തം ലേഖകന്‍: സീനിയര്‍ ബുഷിന് വിട നല്കി അമേരിക്ക; സംസ്ക്കാര ചടങ്ങില്‍ ഒരുമിച്ച് പങ്കെടുത്ത് ട്രംപും ഒബാമയും ബില്‍ ക്ലിന്റനും ഹിലരിയും അടക്കമുള്ള പ്രമുഖര്‍. മുന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച്. ഡബ്ള്യു. ബുഷിന് യുഎസ് ജനത വിട ചൊല്ലി. ടെക്സസിലെ പ്രസിഡന്‍ഷ്യല്‍ ലൈബ്രറി പരിസരത്തെ കുടംബ വക സ്ഥലത്താണ് ഭാര്യ ബാര്‍ബറ, മൂന്നാം വയസ്സില്‍ രക്താര്‍ബുദം മൂലം മരിച്ച മകള്‍ റോബിന് എന്നിവരോടൊപ്പം അദ്ദേഹത്തിനും അന്ത്യവിശ്രമം ഒരുക്കിയത്.
ഹൂസ്റ്റണ്‍ പള്ളിയിലും ക്യാപ്പിറ്റോള്‍ ഹില്ലിലും നാഷനല്‍ കത്തീഡ്രലിലും ടെക്സസിലുമായി ആയിരങ്ങള്‍ അന്ത്യദര്‍ശനത്തിന് എത്തി. ഔദ്യോഗിക ബഹുമതികളോടെ നാഷനല്‍ കത്തീഡ്രലില്‍ നടത്തിയ ചടങ്ങില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ബുഷിന്റെ മകനും മുന്‍ പ്രസിഡന്റുമായ ജോര്‍ജ് ഡബ്ള്യൂ. ബുഷ്, മുന്‍ പ്രസിഡന്റുമാരായ ബറാക് ഒബാമ, ബില്‍ ക്ലിന്റന്, ജിമ്മി കാര്‍ട്ടര്‍ തുടങ്ങി അനേകം പ്രമുഖര്‍ പങ്കെടുത്തു. സെന്റ് മാര്‍ട്ടിന്‍സ് എപ്പിസ്കോപ്പല്‍ പള്ളിയിലായിരുന്നു അന്തിമ സംസ്കാരകര്‍മങ്ങള്‍.
യു.എസ്.സമയം വ്യാഴാഴ്ച രാവിലെ ചടങ്ങുകള്‍ ആരംഭിച്ചു. അതിഥികള്‍ക്കായി രണ്ടുമണിക്കൂറോളം ചര്‍ച്ചിന്റെ വാതില്‍ തുറന്നിട്ടു. സംസ്കാരച്ചടങ്ങില്‍ 1200ഓളം ആളുകള്‍ പങ്കെടുത്തു. ചടങ്ങുകള്‍ക്കുശേഷം സെന്റ് മാര്‍ട്ടിനില്‍നിന്ന് ഹൂസ്റ്റണിനുവടക്കുള്ള യൂണിയന് പസഫിക്കിലേക്ക് മൃതദേഹം കൊണ്ടുപോയി. അദ്ദേഹത്തിന്റെ പേരിലുള്ള അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണിത്. അവിടെനിന്ന് പ്രത്യേക തീവണ്ടിയില്‍ ടെക്സസ് എ. ആന്‍ഡ് എം. സര്‍വകലാശാലയിലെ ജോര്‍ജ് എച്ച്. ഡബ്ല്യു. ബുഷ് പ്രസിഡന്‍ഷ്യല്‍ ലൈബ്രറി സെന്ററിലെത്തിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല