സ്വന്തം ലേഖകന്‍: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടാനൊരുങ്ങി ഫ്രഞ്ച് സര്‍ക്കാര്‍; മഞ്ഞക്കുപ്പായക്കാരെ ഭയന്ന് ഈഫല്‍ ടവര്‍ അടയ്ക്കുന്നു. ശനിയാഴ്ച വ്യാപാര സ്ഥാപനങ്ങള്‍ തുറക്കരുതെന്നും നിര്‍ദേശമുണ്ട്. രണ്ടാഴ്ചയിലേറെ നീണ്ട സമരത്തിനിടെ ഇന്ധന വില കുറച്ചെങ്കിലും പ്രക്ഷോഭകരുടെ മറ്റു ആവശ്യങ്ങളൊന്നും സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് സമരം തുടരുന്നത്.
പ്രക്ഷോഭം തുടങ്ങി മൂന്നാഴ്ച തികയുന്ന ഇന്നും സര്‍ക്കാരിനെതിരെ ശക്തമായ ജനകീയ പ്രതിരോധം തീര്‍ക്കാനാണ് നീക്കം. സമരത്തെ നേരിടാന്‍ രാജ്യത്താകെ 890000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. പാരീസില്‍ മാത്രം 8000 ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുണ്ട് .സമരക്കാര്‍ അക്രമം അഴിച്ചുവിട്ടാല്‍ ശകത്മായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി ക്രിസ്റ്റഫ് കാസ്റ്റ്നര്‍ വ്യക്തമാക്കി.
അതിനിടെ സമരത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് വ്യാപാര സ്ഥാപനങ്ങള്‍ തുറക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് നവംബര്‍ 17നാണ് ഫ്രാന്‍സില്‍ സമരം തുടങ്ങിയത്. പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ഉടന്‍ തന്നെ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് ഗതാഗത മന്ത്രി എലിസബത്ത് ബോണ്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല