സ്വന്തം ലേഖകന്‍: കണ്ണൂര്‍ വിമാനത്താവളം ഇനി യാത്രക്കാരുടെ സ്വന്തം; നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഏക സംസ്ഥാനമായി കേരളം; തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളുടെ നടത്തിപ്പ് ഏറ്റെടുക്കാമെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രി. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഞായറാഴ്ച രാവിലെ ഉദ്ഘാടനം ചെയ്യപ്പെട്ടതോടെയാണ് കേരളത്തിന് അപൂര്‍വ നേട്ടം സ്വന്തമായത്. ഞായറാഴ്ച രാവിലെ വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് നിര്‍വഹിച്ചു.
അതിനിടെ, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള നീക്കത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവെ മുഖ്യമന്ത്രി പിണറായി വിജയന് അഭ്യര്‍ഥിച്ചു. വിമാനത്താവളത്തിന്റെ നടത്തിപ്പ് സംസ്ഥാനസര്‍ക്കാരിന് വിട്ടുനല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അഹമ്മദാബാദ്, ജയ്പുര്‍, ലഖ്നൗ, ഗുവാഹട്ടി, മംഗളൂരു, തിരുവനന്തപുരം എന്നീ വിമാനത്താവളങ്ങള്‍ പൊതു സ്വകാര്യ പങ്കാളിത്തത്തിന് വിടാമെന്ന് കേന്ദ്രമന്ത്രിസഭ തീരുമാനമെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് പ്രസ്താവന.
എസ്പിവി (സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍) രൂപവത്കരിക്കാനും വേണമെങ്കില്‍ കരിപ്പൂര്‍ വിമാനത്താവളനടത്തിപ്പും സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുക്കാനും തയ്യാറാണെന്നും പിണറായി വിജയന് പറഞ്ഞു. എരുമേലിയില്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന വിമാനത്താവളത്തിന് എല്ലാവിധ പിന്തുണയും നല്‍കണമെന്നും കേന്ദ്രസര്‍ക്കാരിനോട് പിണറായി വിജയന് അഭ്യര്‍ഥിച്ചു.
10.13 ഓടെയാണ് കണ്ണൂരിലെ റണ്‍വേയില്‍നിന്ന് വിമാനം പറന്നുയുര്‍ന്നത്. കൈയടികളോടെയും ആര്‍പ്പുവിളികളോടെയും ഉദ്യോഗസ്ഥരും നാട്ടുകാരും വിമാനത്തെ യാത്രയാക്കി. 185 പേരെ ഉള്‍ക്കൊള്ളുന്ന ബോയിങ് 737800 വിമാനത്തില്‍ ഒരുമണിക്കൂര്‍ മുമ്പുതന്നെ യാത്രക്കാരെ കയറ്റിയിരുന്നു. വന്‍ വരവേല്‍പ്പാണ് ആദ്യ യാത്രക്കാര്‍ക്ക് ടെര്‍മിനല്‍ കെട്ടിടത്തില്‍ നല്‍കിയത്.
ആയിരങ്ങള്‍ കൈവീശി ഇവരെ യാത്രയാക്കി. പൈലറ്റുമാരായ വിവേക് കുല്‍ക്കര്‍ണി, മിഹിര്‍ മഞ്ജരേക്കര്‍ എന്നിവരാണ് വിമാനം പറത്തിയത്. ആദ്യവിമാനത്തിന്റെ ടേക്ക് ഓഫിനുമുമ്പ് മൂന്ന് ചെറുവിമാനങ്ങള്‍ വിമാനത്താവളത്തിലിറങ്ങി. വ്യോമസേനയുടെ രണ്ടുവിമാനങ്ങളും വ്യവസായി എം.എ. യൂസഫലിയുടെ സ്വകാര്യവിമാനവും. വ്യോമസേനയുടേതടക്കം മൂന്ന് ഹെലികോപ്ടറുകളും വിമാനത്താവളത്തില്‍ ഇറങ്ങി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല