സ്വന്തം ലേഖകന്‍: ഓടുന്ന വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റിലിരുന്ന് മൊബൈല്‍ നോക്കുന്ന ദുല്‍ഖര്‍; വീഡിയോ കണ്ട് നിയമം പഠിപ്പിക്കാന്‍ ശ്രമിച്ച മുംബൈ പൊലീസിന് കിട്ടിയത് എട്ടിന്റെ പണി. ദുല്‍ഖര്‍ സല്മാന് ഡ്രൈവിങ് സീറ്റിലിരുന്ന് യാത്ര ചെയ്യുന്ന വിഡിയോയില്‍ ഒപ്പമുണ്ടായിരുന്ന ബോളിവുഡ് നടി സോനം കപൂറിന്റെ ട്വീറ്റിനെ ഏറ്റുപിടിച്ചാണ് മുംബൈ പോലീസ് ദുല്‍ഖര്‍ സല്‍മാനെതിരെ രംഗത്തെത്തിയത്.
ഡ്രൈവിങിനിടയില്‍ സാഹസികത പരിശീലിക്കുന്നതും മറ്റുളളവരുടെ ജീവിതം കൂടി അപകടത്തില്‍ ആക്കുന്നെന്നും തിരശീലയിലായാലും ജീവിതത്തിലായാലും ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു വീഡിയോ ഷെയര്‍ ചെയ്തു മുംബൈ പൊലീസ് കുറിച്ചത്. സോനം കപൂറിനെ ടാഗ് ചെയ്ത് കൊണ്ടായിരുന്നു ട്വീറ്റ്.
എന്നാല്‍ മുംബൈ പൊലീസിന്റെ ട്വീറ്റിന് മറുപടിയുമായി സോനം കപൂര്‍ എത്തിയതോടെയാണ് സത്യാവസ്ഥ പുറത്തായത്. ഇതോടെ പൊലീസ് വെട്ടിലായി. ഞങ്ങള്‍ ഡ്രൈവ് ചെയ്യുകയായിരുന്നില്ലെന്നും ഞങ്ങളൊരു ട്രക്കിന് മുകളിലായിരുന്നെന്നും സോനം കുറിച്ചു. നിങ്ങള്‍ ഇത്രയും ശ്രദ്ധാലുവായിരിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. സാധാരണക്കാരുടെ ജീവിതത്തിലും നിങ്ങള്‍ ഇതേ ആത്മാര്‍ത്ഥത കാണിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. കരുതലിന് നന്ദി’ എന്നായിരുന്നു. സോനത്തിന്റെ ട്വീറ്റ്.
ഡ്രൈവിംഗ് സീറ്റിലിരുന്ന് മൊബൈല്‍ ഉപയോഗിക്കുന്ന വീഡിയോ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി ദുല്‍ഖര്‍ സല്മാന് വേഷമിടുന്ന ദി സോയ ഫാക്ടര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് രംഗമായിരുന്നു. ഈ ചിത്രീകരണം നടക്കുമ്പോള്‍ ഓടുന്ന ട്രക്കിനു മുകളില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ് ദുല്‍ഖറും സോനവും ഇരിക്കുന്ന വാഹനം. എന്നാല്‍ കൈകള്‍ സ്റ്റീയിറിംഗില്‍ പിടിച്ചിരുന്നില്ല. അതാണ് മുംബൈ പൊലീസിനെ ആശയക്കുഴപ്പത്തിലാക്കിയത്.
അതേസമയം വാസ്തവം അറിഞ്ഞ ശേഷമാണ് ട്വീറ്റ് ചെയ്തതെങ്കില്‍ അഭിനന്ദിക്കാമായിരുന്നുവെന്നായിരുന്നു വിഷയത്തില്‍ ദുല്‍ഖറിന്റെ പ്രതികരണം. മുംബൈ പൊലീസിന്റെ അനുമതി വാങ്ങിയായിരുന്നു ഷൂട്ടിങെന്നും അവര്‍ എപ്പോഴും ഒപ്പമുണ്ടായിരുന്നെന്നും ആ ദൃശ്യങ്ങള്‍ വൈകാതെ ഞാന്‍ ട്വീറ്റ് ചെയ്യുമെന്നും താരം കുറിച്ചു.
എന്നാല്‍ പറഞ്ഞത് ആത്മാര്‍ത്ഥമായിരുന്നുവെന്നും ഞങ്ങളെ സംബന്ധിച്ച് എല്ലാവരും സ്പെഷലാണെന്നുമായിരുന്നു പൊലീസിന്റെ വിശദീകരണം. എല്ലാവരുടെ കാര്യത്തിലും ഞങ്ങള്‍ക്ക് കരുതല്‍ തന്നെയാണ് ഉളളതെന്നും, നിങ്ങളുടെ സുരക്ഷയില്‍ പാളിച്ചകളില്ലാത്തതില്‍ സന്തോഷമുണ്ടെന്നും മുംബൈ പോലീസ് റീ ട്വീറ്റ് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല