സ്വന്തം ലേഖകന്‍: ഒടിയനെതിരെ നടക്കുന്നത് ആസൂത്രിത ആക്രമണം; കാരണം മഞ്ജു വാര്യരെ തിരിച്ചുകൊണ്ടു വന്നതിലുള്ള ശത്രുത; മഞ്ജു മൗനം വെടിയണമെന്നും സംവിധായകന് ശ്രീകുമാര്‍ മേനോന്; ഒടിയന്റെ ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. ‘ഒടിയന്’ സിനിമയ്ക്കും തനിക്കുമെതിരായ സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് സംവിധായകന് ശ്രീകുമാര്‍ മേനോന് രംഗത്തെത്തി!.
‘ഒടിയന്’ സിനിമയെ മോശമാക്കാന്‍ ആസൂത്രിത ശ്രമം നടക്കുകയാണെന്നും മഞ്ജു വാര്യരുടെ തിരിച്ചുവരവിന് പിന്തുണ നല്‍കിയതോടെയാണ് തനിക്ക് നേരെ ആക്രമണം തുടങ്ങിയതെന്നും ശ്രീകുമാര്‍ മേനോന് ഏഷ്യാനെറ്റ് ന്യൂസില്‍ നടന്ന ചര്‍ച്ചയില്‍ പറഞ്ഞു.
തനിക്കെതിരെ നടക്കുന്നത് വ്യക്തിപരമായ ആക്രമണമാണ്. മഞ്ജുവിന് പിന്തുണ നല്‍കിയതോടെ ആക്രമണം തുടങ്ങി. പ്രതിസന്ധി സമയങ്ങളില്‍ താന്‍ അവര്‍ക്ക് പിന്തുണ നല്‍കിയിരുന്നു. സിനിമയില്‍ തിരിച്ചെത്തിയ അവര്‍ക്ക് പുതിയ മേല്‍വിലാസം ഉണ്ടാക്കി നല്‍കിയത് താനാണ്. മഞ്ജു വാര്യര്‍ തന്നെ പിന്തുണച്ച് സംസാരിക്കണം. മഞ്ജു വാര്യറിന്റെ തിരിച്ചുവരവില്‍ പ്രധാന പങ്കുവഹിച്ചതാകാം ആക്രമണത്തിന് കാരണമെന്നും ശ്രീകുമാര്‍ മേനോന് പറഞ്ഞു.
വിവാഹത്തിനു ശേഷം സിനിമയില്‍ നിന്നും മാറിനിന്ന മഞ്ജു പിന്നീട് പരസ്യരംഗത്തേയ്ക്ക് എത്തിയത് ശ്രീകുമാറിന്റെ പിന്തുണയോടെയായിരുന്നു. മഞ്ജു വാര്യരുടെ പേരില്‍ ക്രൂശിക്കപ്പെട്ടാല്‍ അതില്‍ നിരാശയില്ലെന്നും ശ്രീകുമാര്‍ മേനോന് ഇന്നലെ മനോരമയോട് വ്യക്തമാക്കിയിരുന്നു.
അതിനിടെ ഇന്ത്യയില്‍ നിന്ന് 16.48 കോടി രൂപ ചിത്രം ആദ്യദിനം സ്വന്തമാക്കിയെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെട്ടു. യു.എ.ഇയിലടക്കം 37 വിദേശ രാജ്യങ്ങളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിയിരുന്നു. ഇതുംകൂടി ചേര്‍ക്കുമ്പോള്‍ ലോകമൊട്ടാകെ ഒടിയന് ആദ്യദിനം നേടിയത് 32.14 കോടി രൂപയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കണക്കുകള്‍ സത്യമാണെങ്കില്‍ ഇത് മലയാള സിനിമയിലെ സര്‍വകാല റെക്കോര്‍ഡാണ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല