സ്വന്തം ലേഖകന്‍: ബ്രെക്സിറ്റിനു പിന്നിലെ വ്യക്തിയെ പരിചയപ്പെടൂ; ‘ബ്രെക്സിറ്റ്’ സിനിമയുടെ ട്രെയ്ലര് പുറത്ത്. ഷെര്‍ലക്, ബ്ലാക്ക് മിറര്‍, ഡോക്ടര്‍ ഹു എന്നീ ചിത്രങ്ങളുടെ അണിയറയില്‍ പ്രവര്‍ത്തിച്ച ടോബി ഹയ്ന്സ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബ്രെക്സിറ്റ് തീരുമാനത്തെ ശക്തമായി എതിര്‍ത്ത ബെനഡിക്റ്റ് കമ്പര്‍ബാച്ച് ആണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് എച്ച്.ബി.ഒയും ബി.ബി.സി സ്റ്റുഡിയോസും, ചാനല്‍ 4ഉം ചേര്‍ന്നാണ്. ബ്രെക്സിറ്റ് ക്യാമ്പയ്നിന്റെ മുഖ്യ പ്രചാരകനായ ഡൊമിനിക് കമ്മിങ്ങ്സിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ‘ബ്രെക്സിറ്റിന് കാരണക്കാരനായ വ്യക്തിയെ പരിചയപ്പെടൂ,’ എന്ന് പറഞ്ഞാണ് ട്രെയ്ലറില് കമ്മിങ്ങ്സിനെ പരിചയപ്പെടുത്തുന്നത്.
ക്യാമ്പയ്നിന്റെ പ്രശസ്തമായ ‘നിയന്ത്രണം തിരിച്ചു പിടിക്കൂ’ എന്ന മുദ്രാവാക്യം കമ്മിങ്ങ്സിന്റേതാണ്. ബ്രക്സിറ്റിന് അനുകൂലമായി വോട്ടു ചെയ്യാന്‍ ബ്രിട്ടീഷുകാരെ പ്രേരിപ്പിക്കുന്നതിലേക്ക് നയിച്ച നൂതനമായ രാഷ്ട്രീയ ക്യാമ്പയ്ന് വിശകലനം ചെയ്യുകയാണ് സിനിമ. ബ്രെക്സിറ്റിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ ബ്രിട്ടനില്‍ ചൂടു പിടിക്കുന്നതിനിടെയാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. തെരേസ മേ മന്ത്രി സഭയില്‍ നിന്നും നിരവധി പേരാണ് ബ്രെക്സിറ്റ് തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജി വെച്ചത്.
അതേസമയം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനത്ത് തെരേസ മേ തുടണമോ എന്ന വിഷയത്തില്‍ പാര്‍ട്ടിയ്ക്കകത്ത് നടന്ന അവിശ്വാസ പ്രമേയത്തില്‍ മേ ആശ്വാസ ജയം നേടിയിരുന്നു. 117നെതിരെ 200 വോട്ടുകള്‍ നേടിയായിരുന്നു മേ പാര്‍ട്ടിയിലെ അവിശ്വാസ പ്രമേയത്തെ മറികടന്നത്.
ജനുവരി 19ന് എച്ച്.ബി.ഒയില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. 2016 ജൂണിലാണ് യൂറോപ്യന്‍ യൂണിയന് വിടണമോ വേണ്ടയോ എന്ന റഫറണ്ടം കൊണ്ടുവന്നത്. 51.9 ശതമാനം പേര് അനുകൂലിക്കുകയും സര്‍ക്കാര്‍ യൂറോപ്യന്‍ യൂണിയന് വിടാന്‍ തീരുമാനിക്കുകയുമായിരുന്നു. അടുത്ത വര്‍ഷം മാര്‍ച്ചോടെ ബ്രെക്സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് തെരേസ മേ അറിയിച്ചു. അതായത് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന് സ്വതന്ത്രമാകാന്‍ ഇനി 103 ദിനങ്ങള്‍ മാത്രം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല