സ്വന്തം ലേഖകന്‍: ‘മാരകരോഗം ബാധിച്ച് മരണത്തോട് അടുക്കുന്ന മകന്റെ അടുത്ത് അല്‍പ്പ സമയം ഇരിക്കണം, അതുമാത്രം അനുവദിച്ചാല്‍ മതി,’ ട്രംപിനോട് യെമനില്‍ നിന്നുള്ള ഒരമ്മയുടെ നെഞ്ചുപൊള്ളിക്കുന്ന അപേക്ഷ. മസ്തിഷ്കരോഗം ബാധിച്ച് മരണത്തിലേക്ക് നടന്നടുക്കുന്ന മകനൊപ്പം അല്പസമയം ചെലവഴിക്കണം, അവനെ ചേര്‍ത്തുപിടിച്ച് ഇരിക്കണം; യെമനി പൗരയായ ഷൈമ സ്വീലെയുടെ ആഗ്രഹം അത്രമാത്രം.
കലിഫോര്‍ണിയയില്‍ ചികിത്സയിലുള്ള മകനെ ഒരു നോക്ക് കാണാന്‍ കഴിയാതെ വിതുമ്പുകയാണ് ഈ അമ്മ. ജന്മനാ മസ്തിഷ്കരോഗം ബാധിച്ച രണ്ടു വയസുകാരന് അബ്ദുള്ള ഹസന്റെ മാതാവാണ് ഷൈമ. അബ്ദുള്ള തിരികെ ജീവിതത്തിലേക്ക് വരാനുള്ള സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിക്കഴിഞ്ഞു. എന്നാല്‍ ട്രംപ് ഭരണകൂടത്തിന്റെ ചില നിയമങ്ങളാണ് മകന്റെ അടുത്തെത്താന്‍ ഷൈമക്ക് തടസമാകുന്നത്.
അഭയാര്‍ഥി രാജ്യങ്ങളിലെ പൗരന്മാര്ക്ക് ഡോണാള്‍ഡ് ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ യാത്രാവിലക്കാണ് മകനൊപ്പം ചെലവഴിക്കാനുള്ള ഷൈമയുടെ ആഗ്രഹങ്ങള്‍ക്ക് തടസമായത്. അമേരിക്കന്‍ പൗരനായ ഭര്‍ത്താവ് അലി ഹസനാണ് മകനൊപ്പം ആശുപത്രിയിലുള്ളത്. നിലവില്‍ ഈജിപ്തിലാണ് ഷൈമ താമസിക്കുന്നത്. കുട്ടിയെ ഈജിപ്തിലേക്ക് മാറ്റുന്നത് ജീവനു കൂടുതല്‍ ഭീഷണിയാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് കനിയുമെന്ന പ്രതീക്ഷയില്‍ ഷൈമയും കുടുംബവും കാത്തിരിക്കുകയാണ്. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളായ ഇറാന്, ലിബിയ, സൊമാലിയ, സിറിയ, യെമന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പൗരന്മാര്ക്കൊപ്പം ഉത്തര കൊറിയ, വെനസ്വേല എന്നീ രാജ്യങ്ങള്‍ക്കുമാണ് യുഎസിലേക്ക് പ്രവേശിക്കുന്നതിന് വിലക്കുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല