സ്വന്തം ലേഖകന്‍: തെരേസ മേയ്ക്കെതിരെ അവിശ്വാസവുമായി പ്രതിപക്ഷം; അഗ്നിപരീക്ഷയില്‍ കുലുങ്ങാതെ മേയ്; ബ്രെക്സിറ്റില്‍ നിന്ന് എക്സിറ്റില്ലെന്ന് പ്രഖ്യാപനം; സര്‍ക്കാരിന്റെ നിലനില്‍പ്പിന് വിമതരുടെ നിലപാട് നിര്‍ണായകം. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ എംപിമാര്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ അതിജീവിച്ചതിനു പിന്നാലെയാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയ്ക്കെതിരേ പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം.
പ്രതിപക്ഷ നേതാവും ലേബര്‍ ലീഡറുമായ ജെറമി കോര്‍ബിനാണ് അവിശ്വാസ പ്രമേയത്തിനു നോട്ടിസ് നല്‍കിയത്. ന്യൂനപക്ഷ സര്‍ക്കാരിനെ നയിക്കുന്ന തെരേസ മേയ്ക്ക് ഇത് അഗ്നി പരീക്ഷയാകുമെന്ന് ഉറപ്പാണ്. പ്രതിപക്ഷത്തോടൊപ്പം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ വിമതര്‍ കൈകോര്‍ത്താല്‍ സര്‍ക്കാര്‍ നിലംപതിക്കുമെന്ന് ഉറപ്പാണ്.
ബ്രെക്സിറ്റ് ഉടമ്പടിയിന്മേലുള്ള പാര്‍ലമെന്റിലെ വോട്ടെടുപ്പ് ജനുവരി മൂന്നാം വാരം മാത്രമേ നടക്കൂവെന്ന് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാവ് അവിശ്വാസത്തിനു നോട്ടിസ് നല്‍കിയത്. കഴിഞ്ഞയാഴ്ച നടക്കേണ്ടിയിരുന്ന വോട്ടെടുപ്പ്, പരാജയം ഉറപ്പായതോടെ അവസാന നിമിഷം പ്രധാനമന്ത്രി അനിശ്ചിതമായി മാറ്റിവയ്ക്കുകയായിരുന്നു.
ബ്രെക്സിറ്റിന്മേല്‍ അഭിപ്രായം അറിയിക്കാനുള്ള എംപിമാരുടെ അവസരം ഒരുമാസത്തേക്കു നീട്ടിവയ്ക്കുന്ന പ്രധാനമന്ത്രിയുടെ തീരുമാനം ഒരുവിധത്തിലും അംഗീകരിക്കാനാകില്ലെന്നു പ്രമേയത്തിനു നോട്ടിസ് നല്‍കിക്കൊണ്ട് ജെറമി കോര്ബിന് വ്യക്തമാക്കി. ദേശീയ പ്രതിസന്ധിയിലേക്കാണു രാജ്യത്തെ തെരേസ മേയ് നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, ബ്രെക്സിറ്റ് കരാര്‍ സംബന്ധിച്ച നിലപാട് കടുപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് രംഗത്തെത്തി. കരാറിന് അനുകൂലമായി ജനുവരി 14ന് പാര്‍ലമെന്റ് അംഗങ്ങള്‍ വോട്ട് ചെയ്യുമെന്ന് മേ ആവര്‍ത്തിച്ച് വ്യക്തമാക്കി. ബ്രിട്ടന്റെ യൂറോപ്യന്‍ യൂണിയന് അംഗത്വം സംബന്ധിച്ച് വീണ്ടും ഹിതപരിശോധന വേണമെന്ന ഒരു വിഭാഗത്തിന്റെ ആവശ്യത്തെയും മേയ് തള്ളി.
ഇനിയും അത്തരമൊരു നീക്കം നടന്നാല്‍ അത് ഭിന്നതകള്‍ക്ക് വഴിവയ്ക്കുമെന്നും ജനങ്ങളിലുള്ള വിശ്വാസത്തിന് കോട്ടം തട്ടുമെന്നും അവര്‍ വ്യക്തമാക്കി. മുന്‍ പ്രധാനമന്ത്രിമാരായ ടോണി ബ്ലെയറും, ജോണ്‍ മേജറും ഉള്‍പ്പെടെയുള്ളവരാണ് ഹിതപരിശോധന വീണ്ടും നടത്തണമെന്ന ആവശ്യം മുന്നോട്ട് വച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല