സ്വന്തം ലേഖകന്‍: ദീപ്വീര് വിവാഹ വിരുന്നില്‍ മുന്‍ കാമുകന് റണ്‍ബീര്‍ പങ്കെടുക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി ദീപിക. വിവാഹത്തിന് ശേഷം മുംബൈയിലും ബെംഗളൂരുവിലുമായി സുഹൃത്തുക്കള്‍ക്ക് വേണ്ടി സല്‍ക്കാരം ഒരുക്കിയിരുന്നു. അതില്‍ മുംബൈയില്‍ വച്ചു നടന്ന സത്കാരത്തില്‍ ബോളിവുഡ് സിനിമാരംഗത്ത് നിന്നുള്ള പ്രമുഖര്‍ പങ്കെടുത്തു. എന്നാല്‍ ദീപികയുടെ മുന്‍കാമുകനും അടുത്ത സുഹൃത്തുമായ റണ്‍ബീര്‍ കപൂറിന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു.
റണ്‍ബീര്‍ മാത്രമല്ല അദ്ദേഹത്തിന്റെ കാമുകി ആലിയ ഭട്ടും സല്‍ക്കാരത്തില്‍ പങ്കെടുത്തില്ല. ഇത് സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളാണ് ഉയര്‍ന്നത്. റണ്‍ബീറും ആലിയയും അയാന് മുഖര്‍ജി സംവിധാനം ചെയ്യുന്ന ബ്രഹ്മാസ്ത്ര എന്ന സിനിമയുടെ തിരക്കിലായിരുന്നുവെന്നും അതിനാലാണ് സല്‍ക്കാരത്തില്‍ പങ്കെടുക്കാതിരുന്നതെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്തായാലും അഭ്യൂഹങ്ങള്‍ക്കെല്ലാം വിരാമമിട്ട് ദീപിക തന്നെ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ദീപിക ഇതെക്കുറിച്ച് പറഞ്ഞത്. ‘ഞങ്ങള്‍ ഇതെക്കുറിച്ച് സംസാരിച്ചിട്ടില്ല, അതായത് വിവാഹ സത്കാരത്തിന് മുന്‍പ് ഞാനും റണ്‍ബീറും സംസാരിച്ചിരുന്നു. അതിന് ശേഷം ഇല്ല. പക്ഷേ, റണ്‍ബീര്‍ അങ്ങനെയാണ്, എനിക്കതില്‍ അത്ഭുതമേയില്ല. അത്തരത്തിലുള്ള ഒരു ബന്ധമാണ് ഞങ്ങള്‍ തമ്മിലുള്ളത്. അത് തന്നെയാണ് അതിന്റെ ഭംഗിയും,’ ദീപിക പറഞ്ഞു.
സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ബച്ച്ന ഏ ഹസീനോ എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചതിന് ശേഷമാണ് ദീപികയും റണ്‍ബീറും പ്രണയത്തിലാകുന്നത്. ഒരു വര്‍ഷത്തെ പ്രണയത്തിന് ശേഷം ഇരുവരും വേര്‍പിരിഞ്ഞു. റണ്‍ബീറുമായുള്ള ബന്ധത്തില്‍ താന്‍ വഞ്ചിക്കപ്പെട്ടുവെന്നും അത് തന്നെ വിഷാദരോഗത്തിലേക്ക് നയിച്ചുവെന്നും ദീപിക വെളിപ്പെടുത്തിയിരുന്നു. റണ്‍ബീര്‍ അത് തുറന്ന് സമ്മതിക്കുകയും ചെയ്തു.
ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും തമ്മിലുള്ള വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോഴാണ് ദീപികയുടെ വെളിപ്പെടുത്തല്‍. ഇറ്റലിയിലെ ലേക് കോമോയില്‍ വച്ചായിരുന്നു താരവിവാഹം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല