സ്വന്തം ലേഖകന്‍: പ്രണയിനിയെ തേടി അതിര്‍ത്തി കടന്ന് പാക് ജയിലായി; ഹാമിദ് അന്‍സാരിക്ക് ആറ് വര്‍ഷത്തിന് ശേഷം മോചനം. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം മുംബൈ സ്വദേശി ഹാമിദ് അന്‍സാരി പാകിസ്താനില്‍ നിന്ന് ഇന്ത്യയിലെത്തി. വിസയില്ലാതെ പാകിസ്താനില്‍ പ്രവേശിച്ചതിന്റെ പേരില്‍ പെഷവാര്‍ ജയിലില്‍ തടവിലാരുന്നു ഹാമിദ് അന്‍സാരി. 2012 നവംബറിലാണ് പ്രണയിനിയെ തേടി ഹാമിദ് പാകിസ്താനിലേക്ക് പോയത്.
വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം തിരിച്ചെത്തുന്ന മകനെ വരവേല്‍ക്കാന്‍ ഫൌസിയ നെഹാല്‍ അഹമ്മദ് ദമ്പതികള്‍ നേരത്തെ തന്നെ വാഗ അതിര്‍ത്തിയില്‍ എത്തി. കുടുംബാംഗങ്ങള്‍ക്ക് പുറമെ സാമൂഹ്യ പ്രവര്‍ത്തകരും! രാഷ്ട്രീയ പ്രമുഖരും ഹാമിദിനെ സ്വീകരിക്കാനെത്തിയിരുന്നു.
വിസ ലഭിക്കുന്നതിനായുള്ള ദീര്‍ഘനാളത്തെ ശ്രമം പരാജയപ്പെട്ടതോടെയാണ് ഹാമിദ് അന്‍സാരി പ്രണയിനിയെ കാണാനായി പാക് സുഹൃത്തുകളുടെ സഹായത്തോടെ പാകിസ്താനിലേക്ക് കടന്നത്. 2012 നവംബര്‍ ആദ്യ വാരത്തിലായിരുന്നു ഈ സാഹസം. പാകിസ്താനിലെത്തി നാലാം ദിവസം ഹാമിദ് സുരക്ഷാ സേനയുടെ കൈയ്യില്‍ പെട്ടു. വിസയില്ലാതെ പ്രവേശിച്ചതിനുള്ള ശിക്ഷാ കാലാവധിയായ 3 വര്‍ഷം കഴിഞ്ഞിട്ടും ഹാമിദിന് മോചനം ലഭിച്ചില്ല.
മാതാപിതാക്കള്‍ പല തവണ കേന്ദ്ര സര്‍ക്കാരിനെയും അനുബന്ധ സംഘടനകളെയും സമീപിച്ചു. ഫലമുണ്ടായില്ല. ഇതിനിടെ കഴിഞ്ഞ വ്യാഴാഴ്ച പെഷവാര്‍ കോടതി തിരിച്ചയക്കല്‍ നടപടി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ പാക് സര്‍ക്കാരിന് നിര്‍ദേശം നല്‍കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല