സ്വന്തം ലേഖകന്‍: ക്രിക്കറ്റ് താരം സഞ്ജു വി സാംസണും ചാരുലതയ്ക്കും പ്രണയസാഫല്യം; പൂവണിഞ്ഞത് അഞ്ചു വര്‍ഷത്തെ പ്രണയം. മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസണ് ജീവിതത്തില്‍ പുതിയ ഇന്നിങ്സിലേക്ക്. തിരുവനന്തപുരം സ്വദേശിയായ ചാരുലതയും സഞ്ജുവും തമ്മിലുള്ള വിവാഹം കഴിഞ്ഞു. തിരുവനന്തപുരത്ത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. വൈകുന്നേരം വിവാഹ വിരുന്ന് നടക്കും. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു.
മാര്‍ ഇവാനിയോസ് കോളേജിലെ പഠനകാലത്താണ് ഇരുവരും പ്രണയത്തിലായത്. തിരുവനന്തപുരം ലയോള കോളേജില്‍ രണ്ടാം വര്‍ഷ എം.എ (എച്ച്.ആര്) വിദ്യാര്‍ത്ഥിനിയാണ് ചാരുലത. ഓസ്ട്രേലിയ എ, ദക്ഷിണാഫ്രിക്ക എ ടീമുകള്‍ ഉള്‍പ്പെട്ട ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമില്‍ ഇടംനേടിയതിന്റെ സന്തോഷത്തിനിടെയാണ് തന്റെ വിവാഹക്കാര്യവും സഞ്ജു വെളിപ്പെടുത്തിയത്.
തിരുവനന്തപുരം വെങ്ങാനൂരില്‍ താമസിക്കുന്ന സഞ്ജു ഡല്‍ഹി പോലീസില്‍ ഉദ്യോഗസ്ഥനായിരുന്ന വിശ്വനാഥന് സാംസണിന്റെയും ലിജിയുടെയും മകനാണ്. തിരുവനന്തപുരം ഗൗരീശപട്ടം സ്വദേശിയും മാതൃഭൂമി തിരുവനന്തപുരം യൂണിറ്റ് സീനിയര്‍ ന്യൂസ് എഡിറ്ററുമായ ബി.രമേഷ് കുമാറിന്റെയും എല്‍.ഐ.സി. തിരുവനന്തപുരം ഡിവിഷണല്‍ ഓഫീസിലെ പി.ആന്‍ഡ് ജി.എസ്. വിഭാഗം ഡിവിഷണല്‍ മാനേജര്‍ ആര്.രാജശ്രീയുടെയും മകളാണ് ചാരുലത.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല