സ്വന്തം ലേഖകന്‍: മെക്‌സിക്കോ അതിര്‍ത്തി മതില്‍ നിര്‍മാണം ട്രംപിന് വിനയായി; യുഎസില്‍ ഭാഗിക ഭരണസ്തംഭനം. യുഎസ് ഫെഡറല്‍ സര്‍ക്കാരിന്റെ ഏതാനും വിഭാഗങ്ങളുടെ പ്രവര്‍ത്തനം അവതാളത്തിലാക്കി ഭാഗികമായ ഭരണസ്തംഭനം. മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കാനാവശ്യമായ 500 കോടി ഡോളര്‍ യുഎസ് പാര്‍ലമെന്റില്‍ പാസാക്കിയെടുക്കാനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ശ്രമം പരാജയപ്പെട്ടതോടെയാണിത്.
ഈ വര്‍ഷം ഇതു 3 ആം വട്ടമാണു വിവിധ വകുപ്പുകളില്‍ പ്രവര്‍ത്തനച്ചെലവിനുള്ള പണം അനുവദിക്കാതെ ഭരണസ്തംഭനം. ഒരു വര്‍ഷത്തിനിടെ 2 വട്ടം ഭരണസ്തംഭനം കഴിഞ്ഞ 40 വര്‍ഷത്തിനിടെ ആദ്യമാണെന്നും യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജീവനക്കാര്‍ക്കു ശമ്പളം ഉറപ്പാക്കി ഭരണസ്തംഭനം ഒഴിവാക്കാനുള്ള ബില്‍ സെനറ്റ് കഴിഞ്ഞ ദിവസം പാസാക്കിയിരുന്നെങ്കിലും ജനപ്രതിനിധി സഭയില്‍ പ്രതിപക്ഷം ഒത്തുതീര്‍പ്പിനു വഴങ്ങാന്‍ വിസമ്മതിച്ചതോടെ പ്രതിസന്ധിയിലാകുകയായിരുന്നു.
ആഭ്യന്തര സുരക്ഷ, നീതിന്യായം, ഭവന–നഗര വികസനം തുടങ്ങിയ വകുപ്പുകളാണ് ഫണ്ടില്ലാതെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിലയ്ക്കുക. യുഎസ് ബഹികാരാശ ഏജന്‍സിയായ നാസയിലെ ജീവനക്കാര്‍ക്കും ശമ്പളം വൈകും. മെക്‌സിക്കോ മതില്‍ ഫണ്ടായ 500 കോടി ഡോളര്‍ ഒഴിച്ച് ബാക്കിയുള്ള ചെലവുകള്‍ക്കാണു സെനറ്റ് അംഗീകാരം നല്‍കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല