1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 24, 2018

സ്വന്തം ലേഖകന്‍: ന്യൂനപക്ഷങ്ങളോട് എങ്ങനെ പെരുമാറണമെന്ന് കാണിച്ചു തരാമെന്ന് ഇമ്രാന്‍ ഖാന്‍; ഇവിടുത്തെ കാര്യങ്ങള്‍ നോക്കാന്‍ തങ്ങള്‍ക്ക് അറിയാമെന്ന് നസിറുദ്ദീന്‍ ഷാ. ന്യൂനപക്ഷ വിഭാഗങ്ങളെ പരിചരിക്കേണ്ടത് എങ്ങനെയാണെന്ന് മോദി സര്‍ക്കാരിന് കാണിച്ചുകൊടുക്കാമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യയിലെ ആള്‍ക്കൂട്ട ആക്രമണത്തെച്ചൊല്ലിയുള്ള നസിറുദ്ദീന്‍ ഷായുടെ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് ഇമ്രാന്‍ ഖാന്റെ പ്രസ്താവന.

ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ വിവേചനം നേരിടുന്നതായി ഇമ്രാന്‍ ഖാന്‍ പറഞ്ഞു. മത ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായി പാക് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നതായി ഇമ്രാന്‍ വ്യക്തമാക്കി. പാകിസ്താന്റെ സ്ഥാപകനായ മുഹമ്മദലി ജിന്നയുടെ താല്‍പര്യവും ഇതായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാകിസ്താനിലെ പഞ്ചാബ് സര്‍ക്കാര്‍ ശനിയാഴ്ച ലാഹോറില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഇമ്രാന്‍ ഖാന്റെ പ്രസ്താവന.

എന്നാല്‍ പാക് പ്രധാനമന്ത്രിയുടെ പരാമര്‍ശത്തെ നസിറുദ്ദീന്‍ ഷാ രൂക്ഷമായി വിമര്‍ശിക്കുകയാണുണ്ടായത്. തന്നെ ബാധിക്കാത്ത കാര്യങ്ങളില്‍ പ്രതികരിക്കുന്നതിന് പകരം സ്വന്തം രാജ്യത്തെ പ്രശ്‌നങ്ങളില്‍ ഇടപെടുകയാണ് ഇമ്രാന്‍ ഖാന്‍ ചെയ്യേണ്ടതെന്ന് ഷാ തുറന്നടിച്ചു. ഇന്ത്യ 70 വര്‍ഷമായി സ്വതന്ത്ര രാഷ്ട്രമാണെന്നും ഇവിടുത്തെ കാര്യങ്ങള്‍ നോക്കാന്‍ ഞങ്ങള്‍ക്ക് അറിയാമെന്നും ഷാ കൂട്ടിച്ചേര്‍ത്തു. നേരത്തെ ഷായുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തു വന്നിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.