സ്വന്തം ലേഖകന്‍: ഇന്തോനേഷ്യയിലുണ്ടായ സുനാമിയില്‍ മരിച്ചവരുടെ എണ്ണം 429 ആയി; സുനാമി മുന്നറിയിപ്പിന് പുതിയ സംവിധാനങ്ങളൊരുക്കാന്‍ സര്‍ക്കാര്‍. 1600 ലധികം പേര്‍ക്ക് പരിക്കേറ്റു. 150 ലധികം പേരെ കാണാതാവുകയും ചെയ്തു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ നിറഞ്ഞ് റോഡ് ഗതാഗതം തടസപ്പെട്ടതിനാല്‍ പലയിടങ്ങളിലേക്കും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായിട്ടില്ല. അതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
സുമാത്ര, ജാവ ദ്വീപുകളുടെ തീര മേഖല 100 കിലോമീറ്ററലധികം തീര മേഖല തകര്‍ന്നടിഞ്ഞു. അഗ്നിപര്‍വത സ്ഫോടനത്തെ തുടര്‍ന്നാണ് സുനാമിയുണ്ടായത്. പര്‍വതത്തില്‍ നിന്ന് വീണ്ടും തീയും പുകയും ഉയരുന്ന സാഹചര്യത്തില്‍ ആളുകളോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കടലിന് അടിയിലെ മണ്ണിടിച്ചിലുകളെ തുടര്‍ന്ന് ഉണ്ടാകുന്ന സുനാമി പ്രവചിക്കാന്‍ മുന്നറിയിപ്പ് സംവിധാനം കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ക്രാക്കത്തോവ അഗ്നിപര്‍വതത്തിന് സമീപമുള്ള അനക് ക്രാക്കത്തോവ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് സമുദ്രാന്തര്‍ഭാഗത്തുണ്ടായ മാറ്റങ്ങള്‍ ആണ് സുനാമിക്ക് വഴിവച്ചെന്നാണ് ഇപ്പോഴത്തെ നിഗമനം. ബാന്റണ് പ്രവിശ്യയിലെ തീരമേഖലകളെയാണ് സുനാമി ഏറ്റവും ബാധിച്ചത്. മൂന്ന് മീറ്റര്‍ വരെ ഉയരത്തിലെത്തിയ തിരമാലകള്‍ 20 മീറ്ററോളം ഉള്ളിലേക്ക് കടന്നെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കുള്‍പ്പെടെ ബീച്ചുകളില്‍ ഒത്തുകൂടിയവരാണ് അപകടത്തില്‍പ്പെട്ടത്.
സുനാമി ആഞ്ഞടിച്ചതിനു പിന്നാലെ സുനാമി നിരീക്ഷണത്തിനും മുന്നറിയിപ്പിനും പുത്തന്‍ സംവിധാനങ്ങളൊരുക്കാന്‍ ഇന്തോനേഷ്യ. അപകടം സൂചിപ്പിക്കാനുള്ള സംവിധാനങ്ങള്‍ ഉടന്‍ തന്നെ കടലിലും തീരത്തും സ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. നിലവിലെ സംവിധാനങ്ങള്‍ അപാര്യപ്തമാണെന്ന ആരോപണങ്ങളെ തുടര്‍ന്നാണ് പുതിയ മാര്ഗങ്ങളൊരുക്കാന് സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. സുമാത്ര, ജാവ ദ്വീപുകള്‍ കേന്ദ്രീകരിച്ചായിരിക്കും പുതിയ സംവിധാനം ആദ്യ ഘട്ടത്തില്‍ പരീക്ഷിക്കുക. തിരമാലകളുടെ ചലനം നിരീക്ഷിച്ചായിരിക്കും ഇത് പ്രവര്ത്തിപ്പിക്കുകയെന്നാണ് പ്രാഥമിക വിവരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല