സ്വന്തം ലേഖകന്‍: റാസല്‍ഖൈമയില്‍ മലയാളി യുവതി വാഹനാപകടത്തില്‍ മരിച്ചു; ഭര്‍ത്താവ് രണ്ട് ലക്ഷം ദിര്‍ഹം ബ്ലഡ് മണി നല്കാന് ഉത്തരവ്. കാസര്‍കോട് സ്വദേശിയായ പ്രവീണ്‍ രണ്ട് ലക്ഷം ദിര്‍ഹം ബ്ലഡ് മണിയും പിഴയും ആയി കെട്ടിവെച്ചു. ഇതിന് ശേഷമാണ് ശേഷമാണ് മൃതദേഹവുമായി നാട്ടിലേക്ക് പോകാന്‍ പ്രവീണിന് അനുമതി ലഭിച്ചത്.
കഴിഞ്ഞ ഞായറാഴ്ചയാണ് റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ കാസര്‍കോട് സ്വദേശിയായ ദിവ്യ മരിച്ചത്. വാഹനമോടിച്ചിരുന്ന ഭര്‍ത്താവ് ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട വാഹനം ലൈറ്റ് പോസ്റ്റില്‍ ഇടിച്ചായിരുന്നു അപകടം. ഭര്‍ത്താവ് പ്രവീണും മകന് ദക്ഷും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പ്രവീണ്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഭാര്യയുടെ അവകാശികള്‍ക്ക് രണ്ടു ലക്ഷം ദിര്‍ഹം ബ്ലഡ് മണി കെട്ടിവെക്കുന്നതോടൊപ്പം 2500 ദിര്‍ഹം പിഴയടക്കാനും അറ്റോര്‍ണി ജനറല്‍ ഉത്തരവിട്ടു.
പ്രവീണിന്റെ സുഹൃത്തുക്കള്‍ ഈ തുക കണ്ടെത്തി അടച്ചാണ് പ്രവീണിനെ നാല് ദിവസം നീണ്ട കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ചത്. ദിവ്യയുടെ മൃതദേഹവുമായി പ്രവീണും മകനും നാട്ടിലേക്ക് തിരിച്ചു. സാധാരണ കേസുകളില്‍ ഇന്‍ഷുറന്‍സ് കമ്പനിയാണ് അപകടത്തില്‍ ഉത്തരവാദിയായവര്‍ നല്‍കേണ്ട ബ്ലഡ് മണി നല്‍കുക. അതിനായി പിന്നീട് കേസ് ഫയല്‍ ചെയ്യുമെന്ന് പ്രവീണിനെ സഹായിക്കാന്‍ രംഗത്തെത്തിയ റാസല്‍ഖൈമ ഇന്ത്യന്‍ റിലീഫ് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല