സ്വന്തം ലേഖകന്‍: ഇറാക്കിലെ യുഎസ് സൈനികരോടൊപ്പം ക്രിസ്മസ് രാത്രി ആഘോഷമാക്കി ട്രംപും മെലാനിയയും. സൈനികരുടെ സേവനത്തിനും വിജയത്തിനും ത്യാഗത്തിനും നേരിട്ടെത്തി നന്ദി അറിയിക്കുന്നതിനായിരുന്നു ട്രംപിന്റെ സന്ദര്‍ശനമെന്ന് വൈറ്റ് ഹൗസ് പറഞ്ഞു. സെല്‍ഫി എടുത്തും ഓട്ടോഗ്രാഫ് നല്‍കിയും ട്രംപും മെലാനിയയും മൂന്നു മണിക്കൂറോളം സൈനികര്‍ക്കൊപ്പം ചെലവഴിച്ചു.
സിറിയയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് ജിം മാറ്റിസ് യുഎസ് പ്രതിരോധസെക്രട്ടറി സ്ഥാനമൊഴിഞ്ഞിട്ട് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ട്രംപിന്റെ സന്ദര്‍ശനം. മുന്‍കൂട്ടി അറിയിക്കാതെ ബാഗ്ദാദിലെ അല്‍ അസ് വ്യോമതാവളത്തില്‍ എത്തിയ ട്രംപ് സൈനികര്‍ക്കൊപ്പം സമയം ചെലവിട്ടു. ദേശീയ സുരക്ഷാ ഉപദേശകന് ജോണ്‍ ബോള്‍ട്ടണും ട്രംപിനെ അനുഗമിച്ചു.
ഇറാക്ക് പ്രധാനമന്ത്രി അദില്‍ അബ്ദുല്‍ മഹ്ദിയുമായി ട്രംപും കൂടിക്കാഴ്ച നടത്താന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ചില അഭിപ്രായവ്യത്യാസങ്ങള്‍ കൂടിക്കാഴ്ച റദ്ദാക്കുകയായിരുന്നു. ഇരുനേതാക്കളും ഫോണില്‍ സംസാരിച്ചതായി മഹ്ദിയുടെ ഓഫീസ് അറിയിച്ചു. ഐഎസിനെ നേരിടാന്‍ സര്‍ക്കാര്‍ സൈന്യത്തിന് പിന്തുണയുമായി അയ്യായിരത്തോളം യുഎസ് സൈനികരാണ് ഇറാക്കിലുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല