1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 28, 2018

സ്വന്തം ലേഖകന്‍: മന്‍മോഹന്‍ സിങ്ങായി അഭിനയിച്ച് തകര്‍ത്ത് അനുപം ഖേര്‍; ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററിന്റെ ട്രെയിലര്‍ പുറത്ത്; വസ്തുതകള്‍ വളച്ചൊടിക്കുന്നതിനാല്‍ റിലീസിന് മുമ്പ് ചിത്രത്തിന്റെ പ്രത്യേക സ്‌ക്രീനിങ്ങ് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ ജീവിതകഥ പറയുന്ന ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. അനുപം ഖേര്‍ ആണ് മന്‍മോഹന്‍ സിങ്ങായി എത്തുന്നത്. ആകാംക്ഷ നിറയ്ക്കുന്ന ട്രെയിലറില്‍ മന്‍മോഹന്‍സിങ്ങിനെ അതേപടി അനുപം ഖേര്‍ പകര്‍ത്തിയിട്ടുണ്ട്.

മന്‍മോഹന്‍ സിങ്ങിന്റെ മാധ്യമ ഉപദേഷ്ടകനായ സഞ്ജയ് ബാരുവിനെ അവതരിപ്പിക്കുന്നത് അക്ഷയ് ഖന്നയാണ്.
ട്രെയിലറില്‍ മന്‍മോഹന്‍ സിങ്ങിനൊപ്പം ഭാര്യ ഗുര്‍ചരണ്‍ കൗര്‍, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി മുന്‍ രാഷ്ട്രപതി, എ.പി.ജെ അബ്ദുല്‍ കലാം, ശിവരാജ് പാട്ടീല്‍ തുടങ്ങിയവരെ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുമുണ്ട്.

കോണ്‍ഗ്രസിലെ ആഭ്യന്തര രാഷ്ട്രീയമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ദി ആക്‌സിഡെന്റല്‍ പ്രൈം മിനിസ്റ്ററില്‍’ സോണിയ ഗാന്ധിയെ അവതരിപ്പിക്കുന്നത് ജര്‍മ്മന്‍ നടിയായ സൂസന്‍ ബെര്‍ണര്‍ട്ട് ആണ്. നടനായ അഖില്‍ മിശ്രയുടെ ഭാര്യയാണ് സൂസന്‍. ഹിന്ദി ചിത്രങ്ങളിലും നിരവധി ടെലിവിഷന്‍ പരമ്പരകളിലും സൂസന്‍ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷന്‍ പരമ്പരയായ ‘പ്രധാനമന്ത്രി’യില്‍ സോണിയ ഗാന്ധിയെ സൂസന്‍ നേരത്തേയും അവതരിപ്പിച്ചിട്ടുണ്ട്.

വിജയ് ഗുട്ടെ, മായങ്ക് തിവാരി എന്നിവര്‍ എഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിജയ് ഗുട്ടെയാണ്. മന്‍മോഹന്‍ സിങ്ങിന്റെ മാധ്യമ ഉപദേഷ്ടാവായ സഞ്ജയ് ഭാരുവിന്റെ ‘ദി ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ ദി മേക്കിങ് ആന്‍ഡ് അണ്‍മേക്കിങ് ഓഫ് മന്‍മോഹന്‍ സിങ്’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. സുനില്‍ ബോറയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അതിനിടെ പ്രത്യേക സ്‌ക്രീനിങ്ങ് ആവശ്യപ്പെട്ട് മഹാരാഷ്ട്ര യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. റിലീസിനു മുമ്പ് പ്രത്യേക സ്‌ക്രീനിങ്ങ് അനുവദിച്ചില്ലെങ്കല്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് തടയാന്‍ മറ്റു വഴികള്‍ നോക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. ചിത്രത്തില്‍ വസ്തുകള്‍ തെറ്റായി ചിത്രീകരിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്താന്‍ വേണ്ടിയാണ് ഇതെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ വാദം. പ്രത്യേക പ്രദര്‍ശനം ആവശ്യപ്പെട്ട് മഹാരാഷ്ട്ര യൂത്ത് കോണ്‍ഗ്രസ് നേതൃത്വം ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്ക് കത്തയക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.