സ്വന്തം ലേഖകന്‍: പാര്‍ക്കിങ് ഫീസുകള്‍ കുത്തനെ ഉയര്‍ത്തി എന്‍എച്ച്എസ് ആശുപത്രികള്‍; രോഗികള്‍ക്കും ജീവനക്കാര്‍ക്കും അമിതച്ചെലവ്. ബ്രിട്ടനിലെ പകുതിയോളം എന്‍ എച്ച് എസ് ആശുപത്രികളാണ് പാര്‍ക്കിങ് ഫീസുകള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. ജീവനക്കാരെയും, ചികിത്സ തേടിയെത്തുന്ന രോഗികളെയും, അവരെ കാണാനെത്തുന്ന കുടുംബാംഗങ്ങളെയും എന്‍എച്ച്എസ് ട്രസ്റ്റുകളുടെ ഈ വര്‍ധനവ് ബാധിക്കും.
പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നതില്‍ അല്‍പ്പം ഇളവ് കാണിക്കണമെന്ന് നാല് വര്‍ഷം മുന്‍പ് അന്നത്തെ ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശം അവഗണിച്ചാണ് എന്‍എച്ച്എസ് ട്രസ്റ്റുകളുടെ പകല്‍ക്കൊള്ള.
നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള എന്‍എച്ച്എസ് ജീവനക്കാര്‍, രോഗികള്‍, അവരുടെ കുടുംബങ്ങള്‍ എന്നിവരില്‍ നിന്നും മണിക്കൂറിന് 4 പൗണ്ട് വരെ ഈടാക്കുന്ന ട്രസ്റ്റുകളുമുണ്ട്. ഇംഗ്ലണ്ടിലെ 43 ശതമാനം എന്‍എച്ച്എസ് ട്രസ്റ്റുകളാണ് 2017/18 വര്‍ഷത്തില്‍ പാര്‍ക്കിംഗ് ഫീസ് വര്‍ദ്ധിപ്പിച്ചത്. വെയില്‍സിലും, സ്കോട്ട്ലണ്ടിന്റെ വിവിധ ഭാഗങ്ങളിലും ചാര്‍ജ്ജുകള്‍ പിന്‍വലിക്കുമ്പോഴാണ് ഈ വര്‍ധന. എന്‍എച്ച്എസ് ജീവനക്കാരാണ് ഈ വര്‍ധനവിന്റെ പ്രധാന ഇരകളെന്ന് എംപിമാരും, ഹെല്‍ത്ത് യൂണിയനുകളും ചൂണ്ടിക്കാണിക്കുന്നു.
പ്രത്യേകിച്ച് രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യാനെത്തുന്നവര്‍ വാഹനം ഉപയോഗിക്കാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ല എന്നതും പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു. ജീവനക്കാരില്‍ നിന്നും പണമുണ്ടാക്കാന്‍ പ്രതിസന്ധിയിലായ ആശുപത്രികള്‍ ശ്രമിക്കരുതെന്ന് റോയല്‍ കോളേജ് ഓഫ് നഴ്സിംഗിലെ ടോം സാന്‍ഫോര്‍ഡ് ആവശ്യപ്പെട്ടു. വെസ്റ്റ് യോര്‍ക്ക്ഷയര്‍ എയര്‍ഡെയില്‍ എന്‍എച്ച്എസ് ട്രസ്റ്റില്‍ 24 മണിക്കൂര്‍ പാര്‍ക്ക് ചെയ്യാന്‍ 8 പൗണ്ട് വേണം, നേരത്തെ ഇത് 3.50 പൗണ്ടായിരുന്നു.
സറേയിലെ ഫ്രിംലി ഹെല്‍ത്ത് പാര്‍ക്കിങ്ങില്‍ നിന്ന് 2017/18 വര്‍ഷത്തില്‍ നേടിയത് 4.5 മില്ല്യണ്‍ പൗണ്ടാണ്. എന്‍എച്ച്എസ് ട്രസ്റ്റുകള്‍ക്ക് വേണ്ടി സ്വകാര്യ കോണ്‍ട്രാക്ടര്‍മാരാണ് പല കാര്‍ പാര്‍ക്കുകളും പ്രവര്‍ത്തിപ്പിക്കുന്നത്. എന്നാല്‍ ഇങ്ങനെ പിരിച്ചെടുക്കുന്ന തുക രോഗികളുടെ ചികിത്സയിലേക്ക് തന്നെയാണ് തിരിച്ചെത്തുന്നതെന്ന് ആശുപത്രികള്‍ അവകാശപ്പെടുന്നു. കൂടാതെ പാര്‍ക്കിംഗ് ഏരിയകള്‍ പരിപാലിക്കാനും ഈ തുക വിനിയോഗിക്കുന്നു എന്നാണ് അവകാശവാദം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല