സ്വന്തം ലേഖകന്‍: ‘ഗള്‍ഫ് മേഖലയിലെ സുപ്രധാന രാജ്യമാണ് ഖത്തര്‍,’ ഖത്തറിനെ പ്രശംസിച്ച് വീണ്ടും ട്രംപ്. മേഖലയിലെ സുപ്രധാന രാജ്യമാണ് ഖത്തറെന്ന് ട്രംപ് പറഞ്ഞു. മേഖലയില്‍ സമാധാനം കൊണ്ടുവരാനുള്ള അമേരിക്കന്‍ നീക്കങ്ങള്‍ക്ക് ഖത്തര്‍ നല്കുന്ന പിന്തുണ മഹത്തരമാണെന്നും ട്രംപ് പറഞ്ഞു. ഖത്തറിലെ അമേരിക്കന്‍ സൈനികരുമായുള്ള വീഡിയോ സംഭാഷണത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
‘ഗള്‍ഫ് മേഖലയിലെ സുപ്രധാന രാജ്യമാണ് ഖത്തര്‍. ഖത്തറിലെ അമേരിക്കന്‍ സൈനിക താവളമായ അല്‍ ഉദൈദിന് അവിശ്വസനീയമായ അടിത്തറയാണുള്ളത്. അതിന്റെ സൌകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് ഖത്തറിന്റെ മികച്ച പിന്തുണയും സഹായവുമമുണ്ട്,’ ട്രംപ് പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ സുദൃഢമാക്കാന്‍ ഈ ബന്ധം സഹായകരമാകുമെന്ന് അമേരിക്കന്‍ സൈനിക മേധാവി ബ്രിഗേഡിയര്‍ ജനറല്‍ ജെയ്സണ്‍ അര്മാഗസറ്റ് വ്യക്തമാക്കി. നിലവില്‍ പതിനായിരം അമേരിക്കന്‍ സൈനികരാണ് അല്‍ ഉദൈദിലുള്ളത്. പുറമെ അന്താരാഷ്ട്ര സഖ്യ സേനയുടെ സൈനിക സാനിധ്യവും ഇവിടെയുണ്ട്.
മേഖലയുടെ സുരക്ഷിതത്വത്തിനും ഭീകരവാദത്തെ നേരിടുന്നതിനും ഈ കേന്ദ്രം പര്യാപ്തമാണ്. അല്‍ ഉദൈദ് സൈനിക താവളത്തിന്റെ വിപുലീകരണത്തിനായി നേരത്തെ ഖത്തര്‍ പ്രതിരോധ സഹമന്ത്രിയും അമേരിക്കന്‍ സൈനിക മേധാവിയും ചേര്‍ന്ന് തറക്കല്ലിട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല