സ്വന്തം ലേഖകന്‍: ഐസ്ലന്ഡില് അവധി ആഘോഷിക്കാന്‍ എത്തിയ ഇന്ത്യന്‍ വംശജരായ ബ്രിട്ടീഷ് കുടുംബത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു; മൂന്നു പേര് മരിച്ചു; നാലു പേര്‍ക്ക് ഗുരുതര പരിക്ക്. ഐസ്ലന്ഡില് അവധിയാഘോഷിക്കാന്‍ എത്തിയ ഇന്ത്യന്‍ ബ്രിട്ടീഷ് കുടുംബത്തിന്റെ വാഹനം അപകടത്തില്‍പ്പെട്ട് രണ്ടു യുവതികളും ഒരു കുഞ്ഞും മരിച്ചു. നാലു പേര്‍ക്കു പരിക്കേറ്റു.
തെക്കന്‍ ഐസ്ലന്ഡില് ഒന്‍പതംഗ സംഘം സഞ്ചരിച്ചിരുന്ന എസ്യുവി പാലത്തിന്റെ കൈവരി തകര്‍ത്ത് താഴേക്കു പതിക്കുകയായിരുന്നു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും പേരും മറ്റു വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.
അതീവ ഗുരുതരമായി പരിക്കേറ്റവരെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലാക്കി.
ഇവരുടെ നില ഇപ്പോള്‍ തൃപ്തികരമാണെന്ന് ആശുപത്രി സന്ദര്‍ശിച്ച ഐസ്ലന്ഡിലെ ഇന്ത്യന്‍ അംബാസഡര്‍ ടി ആംസ്ട്രോംഗ് ചാംഗ്സാന് അറിയിച്ചു. ഇന്ത്യന്‍ വംശജരായ രണ്ടു സഹോദരങ്ങളും ഇവരുടെ ഭാര്യമാരും മൂന്ന്, എട്ട്, ഒന്‍പത് വയസു പ്രായമുള്ള കുട്ടികളുമാണ് സംഘത്തിലുണ്ടായിരുന്നത്.
ഐസ്ലന്ഡിലെ തെക്കന്‍ പ്രദേശത്തെ സ്കൈതറോസന്തൂഴ് എന്ന പ്രദേശത്തിന് സമീപമാണ് പകടം നടന്നത്. ഇവര്‍ സഞ്ചരിച്ച വാഹനം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. അപകട കാരണം വ്യക്തമായിട്ടില്ല. റോഡിലെ ഈര്‍പ്പം മൂലം വാഹനം തെന്നിയതോ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടമായതോ ആവാം കാരണമെന്നാണ് അധികൃതരുടെ നിഗമനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല