സ്വന്തം ലേഖകന്‍: മുപ്പത് വര്‍ഷം നിഴലുപോലെ ഒപ്പമുണ്ടായിരുന്ന മലയാളിയായ പേഴ്സണല്‍ സ്റ്റാഫിനെ കാണാന്‍ അബുദാബി കിരീടാവകാശി ആശുപത്രിയിലെത്തി. അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനാ ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് തന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായി കഴിഞ്ഞ 30 വര്‍ഷത്തോളം സേവനമനുഷ്ഠിച്ച മലപ്പുറം കുറുവ പഴമുള്ളൂര്‍ സ്വദേശി മുല്ലപ്പള്ളി അലിയെ കാണാന്‍ ആശുപത്രിയില്‍ എത്തിയത്.
തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്ന് അലി ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് എത്തിയ ശൈഖ് മുഹമ്മദ് അലിക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പുവരുത്തുകയും ചെയ്തു. വിദേശയാത്രയില്‍ ഭരണാധികാരിയുടെ പേഴ്സണല്‍ സംഘത്തില്‍ യാത്രചെയ്യുന്ന അലി കഴിഞ്ഞയാഴ്ച സൗദിയിലും മൊറോക്കോയിലും പോയിരുന്നു. തിരിച്ചെത്തിയശേഷം തലകറക്കവും ഓര്‍മക്കുറവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ചികിത്സതേടിയത്.
എം.ആര്.ഐ. സ്കാന്‍ ചെയ്തപ്പോള്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തുകയും ഉടന്‍ ശസ്ത്രക്രിയ നിര്‍ദേശിക്കുകയുമായിരുന്നു. മറ്റൊരു ആശുപത്രിയില്‍ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. എന്നാല്‍, കിരീടാവകാശിയുടെ നിര്‍ദേശപ്രകാരം വിദഗ്ധ ചികിത്സയ്ക്കായി അബുദാബിയിലെ ഏറ്റവും മികച്ച ആശുപത്രികളിലൊന്നായ ക്ലീവ് ലാന്‍ഡിലേക്ക് മാറ്റുകയായിരുന്നു.
ഓഫീസില്‍നിന്ന് ഫോണില്‍ ഒട്ടേറെ അന്വേഷണങ്ങള്‍ എത്താറുണ്ടെങ്കിലും കിരീടാവകാശി നേരിട്ടെത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് അലിയുടെ മക്കളായ നസീബും നസീറും നിസാറും പറഞ്ഞു. ഇന്ത്യക്കാരടക്കമുള്ള വിദേശികളുടെ കാര്യത്തില്‍ ഭരണാധികാരി ഉറപ്പാക്കുന്ന കരുതലിന്റെ ഉദാഹരണമാണ് ഇതെന്നും അവര്‍ പറഞ്ഞു. ക്രൗണ്‍ പ്രിന്‍സ് കോര്‍ട്ടില്‍നിന്ന് പിതാവിന്റെ പരിചരണം ഉറപ്പാക്കാനായി കൃത്യമായ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്നും മക്കള്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല