സ്വന്തം ലേഖകന്‍: ബ്രെക്സിറ്റ് ബില്‍ പാര്‍ലമെന്റിന്റെ അഗ്നിപരീക്ഷ മറികടക്കുമെന്ന ബ്രിട്ടീഷ് സര്‍ക്കാരിന്റെ ആത്മവിശ്വാസം മങ്ങുന്നു; ഹിതപരിശോധനയില്‍ തിരിച്ചടി ഉണ്ടായാല്‍ ബ്രെക്സിറ്റുമായി മുന്നോട്ടു പോയേക്കില്ലെന്ന സൂചന നല്കി ബ്രെക്സിറ്റ് മന്ത്രി. അടുത്ത മാസം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടക്കുന്ന ഹിതപരിശോധനയില്‍ തിരിച്ചടി നേരിട്ടാല്‍ ബ്രെക്സിറ്റുമായി മുന്നോട്ടു പോയേക്കില്ലെന്ന് ബ്രെക്സിറ്റ് മന്ത്രി ലിയാം ഫോക്സ് സൂചന നല്കി.
ബ്രെക്സിറ്റ് പ്രാബല്യത്തിലായാല്‍ യൂറോപ്യന്‍ യൂണിയനിലെ മറ്റു രാജ്യങ്ങളുമായി പുലര്‍ത്തേണ്ട സഹകരണം സംബന്ധിച്ച വ്യവസ്ഥകളിന്മേലാണ് പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടക്കാനിരിക്കുന്നത്. ബ്രെക്സിറ്റ് രേഖയിന്മേലുള്ള വോട്ടെടുപ്പില്‍ മേയ്ക്ക് തിരിച്ചടി നേരിട്ടാല്‍ അത് ബ്രെക്സിറ്റിനുള്ള സാധ്യതള്‍ക്ക് തിരിച്ചടിയാകും. ഈ സാഹചര്യത്തിലാണ് ബ്രെക്സിറ്റ് മന്ത്രിയുടെ പ്രസ്താവന. വോട്ടെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ ബ്രെക്സിറ്റുമായി മുന്നോട്ടുപോകാനും ഉപേക്ഷിക്കാനും തുല്യ സാധ്യതയാണുള്ളതെന്ന് ലിയാമ ഫോക്സ് വ്യക്തമാക്കി.
ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഡിസംബര്‍1 ന് നടക്കേണ്ട തെരഞ്ഞെടുപ്പാണ് അടുത്ത മാസം നടക്കുന്നത്. പാര്‍ലമെന്റില്‍ തിരിച്ചടി നേരിടാനുള്ള സാധ്യത മുന്നില്‍കണ്ടാണ് തെരേസാ മേയ് വോട്ടെടുപ്പ് മാറ്റിവെച്ചത്. ജനുവരിയില്‍ നടക്കുന്ന വോട്ടെടുപ്പില്‍ മേയ് പരാജയപ്പെട്ടാല്‍ ഒന്നുകില്‍ ബ്രെക്സിറ്റില്‍ നിന്ന് പിന്മാറാം, അല്ലെങ്കില്‍ നിയമം നടപ്പാക്കേണ്ട മാര്‍ച്ച് 29 ന് മുമ്പായി മറ്റൊരു നിയമവ്യവസ്ഥയുണ്ടാക്കി പാര്‍ലമെന്റില്‍ അവതരിപ്പിക്കണം. ഇതു രണ്ടുമല്ലെങ്കില്‍ കരാറുകളൊന്നുമില്ലാതെ യൂറോപ്യന്‍ യൂണിയന് വിടുന്ന നോ ഡീല്‍ ബ്രെക്സിറ്റാണ് സര്‍ക്കാരിനു മുന്നിലുള്ള അവസാന വഴി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല