1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 2, 2019

സ്വന്തം ലേഖകന്‍: യുനെസ്‌കോയെ കൈവിട്ട് അമേരിക്കയും ഇസ്രായേലും; സംഘടനയില്‍ ഇസ്രായേല്‍ വിരുദ്ധ നീക്കമെന്ന് ആരോപണം. ഒരു വര്‍ഷം നീണ്ട നടപടിക്രമങ്ങള്‍ക്കു ശേഷം അമേരിക്കയും ഇസ്രയേലും ഔപചാരികമായി യുനൈറ്റഡ് നാഷന്‍സ് എഡുകേഷനല്‍ സൈന്റിഫിക് ആന്റ് കള്‍ചറല്‍ ഓര്‍ഗനൈസേഷന്‍ യുനെസ്‌കോ നിന്നും പുറത്തു പോയി.

കിഴക്കന്‍ ജെറുസലേമില്‍ ഇസ്രയേല്‍ നടത്തുന്ന കയ്യേറ്റ നയങ്ങളേയും, പാലസ്തീനിന് യുനെസ്‌കോയില്‍ സ്ഥിരാംഗത്വം നല്‍കുന്നതിന് അമേരിക്കയും ഇസ്രയേലും എതിര്‍പ്പ് പ്രകടപ്പിച്ചതിനെയും യുനെസ്‌കോ വിമര്‍ശിച്ചതില്‍ പ്രതിഷേധിച്ചാണ് ഇരു രാജ്യങ്ങളും സംഘടനയില്‍ നിന്ന് പുറത്തു പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘ജൂതര്‍ക്ക് ജെറുസലേമുമായുള്ള ബന്ധമടക്കം ,ചരിത്രത്തെ തുടര്‍ച്ചയായി തിരുത്തി എഴുതിക്കൊണ്ടിരിക്കുന്ന ഒരു സംഘടനയാണ് യുനെസ്‌കോ. മനപ്പൂര്‍വം ഞങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയില്‍ അംഗമായിരിക്കാന്‍ ഞങ്ങളില്ല,’ ഇസ്രയേലിന്റെ യു.എന്‍ അംബാസിഡര്‍ ഡാനി ഡാനന്‍ പറഞ്ഞു. അമേരിക്ക യുനെസ്‌കോയില്‍ നിന്നും പുറത്തു പോകും എന്ന് 2017ല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇസ്രയേലും ഇതിനായുള്ള നടപടിക്രമങ്ങളിലേക്ക് തിരിയുകയായിരുന്നു.

‘സംഘടന അവരുടെ ശൈലി മാറ്റുമെന്ന് ഞങ്ങള്‍ കരുതുന്നു, എന്നാല്‍ ഞങ്ങള്‍ ഇതിനു മേലെ പ്രതീക്ഷയൊന്നും നല്‍കുന്നില്ല. അതു കൊണ്ട് സംഘടന വിടുമെന്ന ഉത്തരവ് നിലനില്‍ക്കും,’ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. യുനെസ്‌കോ പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട ആറു സ്ഥലങ്ങള്‍ ഇസ്രയേലിലുണ്ട്.

എന്നാല്‍ സംഘടനയില്‍ നിന്ന് പുറത്തു പോയാലും ഇവ യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ശേഷിക്കും എന്ന് ഇസ്രയേല്‍ വിദേശ കാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അറിയിച്ചു. അതേസമയം, ഇസ്രയേലും അമേരിക്കയും യുനെസ്‌കോയില്‍ നിന്ന് പുറത്തു പോകുന്നത് സംഘടനയുടെ സാമ്പത്തികഭദ്രതയെ ബാധിക്കില്ലെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. കാരണം, 2011ല്‍ പാലസ്തീനിന് സംഘടനയില്‍ അംഗത്വം നല്‍കിയത് മുതല്‍ ഇരു രാജ്യങ്ങളും യുനെസ്‌കോയ്ക്കുള്ള ധനസഹായം നിര്‍ത്തലാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.