സ്വന്തം ലേഖകന്‍: തൊഴിലാളികളുടെ പാസ്പോര്ട്ടുകള് തൊഴിലുടമകളോ കമ്പനികളോ സൂക്ഷിക്കുന്നത് ശിക്ഷാര്‍ഹം; അറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ പോലീസില്‍ സമര്‍പ്പിക്കുന്നതിനു പകരം ഭരണ വികസന, തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയത്തിനാണ് നല്‍കേണ്ടതെന്നും ആഭ്യന്തര മന്ത്രാലയം അധികൃതര്‍ അറിയിച്ചു.
സിവില്‍ ഡിഫന്‍സ് ആസ്ഥാനത്ത് സംഘടിപ്പിച്ച സുരക്ഷാ ബോധവല്‍ക്കരണ സെമിനാറിലാണ് ആഭ്യന്തര വകുപ്പ് അധികൃതര്‍ ഇക്കാര്യം സൂചിപ്പിച്ചത്. തൊഴിലാളികളുടെ പാസ്പോര്ട്ടുകള് തൊഴിലുടമകളോ കമ്പനികളോ കസ്റ്റഡിയില്‍ വെക്കുന്നതായ പരാതികള്‍ ലഭിക്കുന്നുണ്ട്. ഇത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ പൊലീസില്‍ സമര്‍പ്പിക്കുന്നതിന് പകരം ഭരണ വികസന, തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയത്തിനാണ് നല്‍കേണ്ടത്. പരാതി ലഭിക്കുന്ന പക്ഷം ഇത്തരം തൊഴിലുടമകള്‍ക്കെതിരെ നടപടിയെടുക്കും.
സുഹൃത്തുക്കള്‍ക്കായി വിസയ്ക്ക് അപേക്ഷിക്കാമോയെന്ന ചോദ്യത്തിന് അത്തരം വിസകള്‍ അനുവദിക്കുന്നില്ലെന്നും താല്പര്യമുള്ള വ്യക്തികള്‍ക്കായി ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാമെന്നും മറുപടി നല്കി. ഖത്തറിന്റെ പുറത്തുവെച്ച് ഐഡി നഷ്ടപ്പെട്ടാല്‍ അക്കാര്യം വ്യക്തമാക്കി മാതൃ രാജ്യത്ത് റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യുകയും ആ റിപ്പോര്‍ട്ട് ഖത്തറിലേക്ക് അയയ്ക്കുകയുമാണ് വേണ്ടത്. 500റിയാല്‍ പിഴ അടച്ച് പുതിയ ഐഡി സ്വന്തമാക്കാനാകും.
ആഭ്യന്തരമന്ത്രാലയത്തിലെ യൂണിഫൈഡ് സര്‍വീസ് വകുപ്പിന്റെ സേവനങ്ങളെക്കുറിച്ച് വിവിധ പ്രവാസി സമൂഹങ്ങളില്‍ അവബോധം ചെലുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ഇന്ത്യ, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, പാകിസ്താന് ഉള്‍പ്പടെയുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ സെമിനാറില്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല