സ്വന്തം ലേഖകന്‍: ‘അഫ്ഗാനിസ്ഥാനില്‍ ഇന്ത്യ ഒന്നും ചെയ്യുന്നില്ല,’ മോദിയെ പരിഹസിച്ച് ട്രംപ്; മറുപടിയുമായി ഇന്ത്യ. താലിബാന്റെ ഭീകരാക്രമണങ്ങളില്‍ തകര്‍ന്ന അഫ്ഗാനിസ്ഥാന്റെ പുനരുദ്ധാരണത്തിന് ഇന്ത്യ നല്കുന്ന സഹായത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
അഫ്ഗാനിസ്ഥാനില്‍ ലൈബ്രറി നിര്‍മിക്കാന്‍ ധനസഹായം നല്കുന്ന കാര്യം മോദി തന്നെ കാണുന്പോള്‍ കൂടെക്കൂടെ പറയാറുണ്ടെന്നാണ് ട്രംപ് പറഞ്ഞത്. ആരാണ് ഈ ലൈബ്രറി ഉപയോഗിക്കാന്‍ പോകുന്നതെന്ന് അദ്ദേഹം പരിഹാസത്തോടെ ചോദിച്ചു.
അമേരിക്ക നല്കുന്ന സഹായത്തിനും സൈനിക സേവനത്തിനും മുന്നില്‍ മറ്റു രാജ്യങ്ങളുടെ സഹായം തുച്ഛമാണെന്നു വ്യക്തമാക്കാനാണ് ട്രംപ് ഇതു പറഞ്ഞത്. ‘അമേരിക്ക അഫ്ഗാനിസ്ഥാനില്‍ ചെലവഴിച്ചതുവച്ചു നോക്കിയാല്‍ മോദി പറയുന്ന ഈ സഹായം അഞ്ചു മണിക്കൂര്‍ തികച്ചുണ്ടാവില്ല. എന്നിട്ടും നമ്മള്, ഓ.. ആ ലൈബ്രറിക്കു നന്ദി എന്നു മോദിയോടു പറയണം,’ ട്രംപ് തുറന്നറിച്ചു.
ഇന്ത്യ, പാക്കിസ്ഥാന്, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ കൂടുതല്‍ പങ്കു വഹിക്കണമെന്നു ട്രംപ് ആവശ്യപ്പെട്ടു. ഈ വര്‍ഷത്തെ ആദ്യ കാബിനറ്റ് മീറ്റിംഗിനുശേഷം നടത്തിയ പത്രസമ്മേളനത്തിലായിരുന്നു ട്രംപിന്റെ പരാമര്‍ശങ്ങള്‍.
യുദ്ധം തളര്‍ത്തിയ രാജ്യത്തെ പുനരുദ്ധരിക്കുന്നതിന് വികസന സഹായമാണു നല്‍കേണ്ടതെന്ന് ഇന്ത്യന്‍ വൃത്തങ്ങള്‍ പ്രതികരിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അഫ്ഗാനിസ്ഥാനില്‍ ഇന്ത്യ 300 കോടി ഡോളറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. അഫ്ഗാന്കാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതില്‍ അതു വലിയ പങ്കുവഹിക്കും. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള സഹായങ്ങളാണ് ഇന്ത്യന്‍ സര്‍ക്കാര്‍ അഫ്ഗാന് സര്‍ക്കാരുമായി ആലോചിച്ചു ചെയ്യുന്നതെന്നും ഇന്ത്യ പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല