സ്വന്തം ലേഖകന്‍: 71 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഓസ്ട്രേലിയന്‍ മണ്ണില്‍ ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പര നേട്ടം; ഇത് ലോകകപ്പ് നേട്ടത്തിനും മേലെ, ഫലം കണ്ടത് ഒരു വര്‍ഷത്തെ അധ്വാനമെന്ന് നായകന് വിരാട് കോഹ്!ലി. ഓസീസ് ഇതിഹാസം അലന് ബോര്ഡറില് നിന്ന് ബോര്‍ഡര്‍–ഗാവസ്കര്‍ ട്രോഫി ഏറ്റു വാങ്ങിയ വിരാട് കോഹ്ലി 27കാരന് മായങ്ക് അഗര്‍വാളിന് അത് കൈമാറിയപ്പോള്‍ 71 വര്‍ഷം നീണ്ട ചരിത്രം ഇന്ത്യയ്ക്കു മുന്നില്‍ വഴി മാറി– ഓസീസ് മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പര ജയം.
ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റില്‍ മഴ രസംകൊല്ലിയായപ്പോള്‍ ടെസ്റ്റ് സമനിലയായെങ്കിലും ഇന്ത്യ പരമ്പര 2–1ന് സ്വന്തമാക്കി. ജയത്തോടെ ഓസ്ട്രേലിയയില്‍ ഇന്ത്യയുടെ ആദ്യ പരമ്പര നേട്ടവും കൂടിയായി ഇത്. ഓസ്ട്രേലിയന്‍ മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പര ജയിക്കുന്ന ഇന്ത്യക്കാരനും ഏഷ്യക്കാരനും ആയി ക്യാപ്റ്റന്‍ വിരാട് കോഹ്!ലി. നാല് ടെസ്റ്റുകളുള്ള പരമ്പരയില്‍ പെര്‍ത്തില്‍ നേടിയ സെഞ്ചുറിയുള്‍പ്പെടെ ആകെ 282 റണ്‍സ് നേടിയാണ് വിരാട് ടീം ഇന്ത്യയെ നയിച്ചത്.
തന്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും മികച്ച നിമിഷമായാണു വിരാട് ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര നേട്ടത്തെ വിശേഷിപ്പിച്ചത്. കഴിവുറ്റ ഒരു കൂട്ടം താരങ്ങളെ നയിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. എന്റെ ടീമിനെ ഓര്‍ത്ത് എനിക്ക് അഭിമാനമുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഇത്തരമൊരു സംസ്കാരം ഉണ്ടാക്കിയെടുക്കാനാണു ജോലി ചെയ്തത്. ഇക്കാലത്തെ ഞങ്ങളുടെ അധ്വാനത്തിന്റെ ഫലമാണിത്– ടെസ്റ്റ് പരമ്പര വിജയത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോഹ്!ലി പറഞ്ഞു.
പരമ്പരയില്‍ അഡ്!ലെയ്ഡ്, മെല്‍ബണ്‍ ടെസ്റ്റുകളിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. പെര്‍ത്തിലെ ടെസ്റ്റ് ഓസ്ട്രേലിയ ജയിച്ചു. അവസാനത്തേതും നിര്‍ണായകവുമായ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയിക്കാമായിരുന്നു. ആദ്യ ഇന്നിങ്സില്‍ ഇന്ത്യയുടെ തകര്‍പ്പന്‍ പ്രകടനം ആരാധകരില്‍ ആവേശം നിറയ്ക്കുകയും ചെയ്തു. പക്ഷേ മഴ വില്ലനായപ്പോള്‍ കളി സമനിലയായി. നാലാം ടെസ്റ്റിന്റെ അവസാന രണ്ടു ദിവസങ്ങളും മഴയായിരുന്നു മൈതാനത്ത് നിറഞ്ഞു കളിച്ചത്.
ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ ടെസ്റ്റ് പരമ്പര വിജയിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ആശംസകളറിയിച്ച് രാഷ്ട്രപതി റാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും. വിരാട് കോഹ്!ലിക്കും അദ്ദേഹത്തിന്റെ ടീമിനും ആശംസകള്‍ അറിയിക്കുന്നതായി രാഷ്ട്രപതി സമൂഹമാധ്യമത്തില്‍ പ്രതികരിച്ചു. ഓസ്ട്രേലിയയില്‍ ചരിത്രപരമായ ക്രിക്കറ്റാണ് ഇന്ത്യ പൂര്‍ത്തീകരിച്ചിരിക്കുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. ഇനിയുള്ള മല്‍സരങ്ങള്‍ക്കും ആശംസകള്‍ അറിയിക്കുന്നതായും മോദി ട്വിറ്ററില്‍ കുറിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല