സ്വന്തം ലേഖകന്‍: ജര്‍മനിയെ വിറപ്പിച്ച സൈബര്‍ ആക്രമണത്തിനു പിന്നില്‍ ഇരുപതുകാരനായ ഹാക്കര്‍! പ്രതിയെ വലയിലാക്കിയതായി ജര്‍മന്‍ പോലീസ്. ജര്‍മനിയിലെ ഹെസ്സേ സ്വദേശിയായ 20 വയസുകാരനാണ് അറസ്റ്റിലായതെന്ന് ഫെഡറല്‍ ക്രിമിനല്‍ പോലീസ് ഓഫീസ്(ബികെഎ) അറിയിച്ചു. വിദ്യാര്‍ഥിയായ ഇയാള്‍ ഒറ്റയ്ക്കാണ് കുറ്റകൃത്യം നടത്തിയതെന്നാണ് വിവരം. കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ മൂന്നു വര്‍ഷം വരെ തടവ് ലഭിക്കാം.
ജനുവരി നാലിനാണ് ജര്‍മനിയില്‍ വന്‍ ഡേറ്റാ ചോര്‍ച്ചയുണ്ടായതായി വെളിപ്പെടുത്തല്‍ വരുന്നത്. ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍, പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയിന്‍മെയര്‍ എന്നിവരടക്കം രാജ്യത്തെ ഭൂരിഭാഗം ജനപ്രതിനിധികളുടെയും രാഷ്ട്രീയ നേതാക്കളുടെയും മാധ്യമപ്രവര്‍ത്തകരുടെയും രഹസ്യവിവരങ്ങള്‍ ചോര്‍ത്തി ഹാക്കര്‍ ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചു. ഫെഡറല്‍ പാര്‍ലമെന്റിലെയും സംസ്ഥാന പാര്‍ലമെന്റുകളിലെയും ഭൂരിഭാഗം അംഗങ്ങളും ഹാക്കിംഗിന് ഇരയായിരുന്നു.
സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് ദേശീയ സൈബര്‍ പ്രതിരോധ കേന്ദ്രം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. രാഷ്ട്രീയക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെ പരസ്യ നിലപാടുകളിലുള്ള അമര്‍ഷമാണ് സൈബര്‍ ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് യുവാവ് പറയുന്നത്. ഹാക്കിംഗിന് ശേഷം പിടിക്കപ്പെടാതിരിക്കാന്‍ കംപ്യൂട്ടര്‍ നശിപ്പിച്ചെങ്കിലും മറ്റ് ഡിജിറ്റല്‍ ട്രാക്കിലൂടെ പോലീസ് പ്രതിയുടെ അടുത്തേക്ക് എത്തുകയായിരുന്നു.
ഫോണ്‍ നമ്പറുകള്‍, സ്വകാര്യ ചാറ്റിംഗ്, സാമ്പത്തിക വിശദാംശങ്ങള്‍, തുടങ്ങിയവയെല്ലാം ചോര്‍ത്തപ്പെട്ടിരുന്നു. എന്നാല്‍ അതീവ രഹസ്യമായ വിവരങ്ങളൊന്നും ചോര്‍ന്നിട്ടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. തീവ്രവ ലതുപക്ഷ നിലപാടുകള്‍ പുലര്‍ത്തുന്ന ഓള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി(എഎഫ്ഡി) പാര്‍ട്ടിയുടെ അംഗങ്ങള്‍ മാത്രമാണ് ഹാക്കിംഗില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല