സ്വന്തം ലേഖകന്‍: ഇപ്പോള്‍ ഹിതപരിശോധന നടത്തിയാല്‍ ബ്രെക്സിറ്റ് വേണ്ടെന്ന് ഭൂരിപക്ഷം ബ്രിട്ടീഷുകാരും നിലപാടെടുക്കുമെന്ന് സര്‍വേ; ജനുവരി 15 ന് നടക്കാനിരിക്കുന്ന പാര്‍ലമെന്റ് വോട്ടെടുപ്പ് തെരേസാ മേയ്ക്ക് അഗ്നിപരീക്ഷയാകും. യൂഗവ് എന്ന അഭിപ്രായ സര്‍വേ ഏജന്‍സി നടത്തിയ സര്‍വേയിലാണ് ഇപ്പോള്‍ ഹിതപരിശോധന നടത്തിയാല്‍ 46 ശതമാനം പേര് യൂണിയനില്‍ തുടരാന്‍ വോട്ടു ചെയ്യുമെന്ന കണ്ടെത്തല്‍.
39 ശതമാനം പേര് ഇയു വിടാമെന്ന് അഭിപ്രായം രേഖപ്പെടുത്തുമെന്നും സര്‍വേ പറയുന്നു. ഈ രീതിയില്‍ വോട്ടിംഗ് നടത്തിയാല്‍ 54:46 ക്രമത്തില്‍ ആകും ഫലം. വോട്ട് ചെയ്തവരില്‍ 54 ശതമാനം യൂണിയനില്‍ തുടരണമെന്ന വാദത്തെ പിന്താങ്ങും. 2016ല്‍ ബ്രെക്സിറ്റ് വോട്ട് നടന്നപ്പോള്‍ 52ശതമാനം പുറത്തുപോകാനും 48 ശതമാനം തുടരാനും വോട്ട് ചെയ്യുകയായിരുന്നു.
ബ്രിട്ടനില്‍ നല്ലൊരു പങ്ക് ആള്ക്കാര് വീണ്ടും ഹിതപരിശോധന നടത്തണം എന്ന വാദക്കാരാണ്. അവര്‍ പല തലങ്ങളില്‍ അതിനു സമ്മര്‍ദം ചെലുത്തുന്നുമുണ്ട്. വേറൊരു ഹിതപരിശോധന വേണമെന്ന് 53 ശതമാനം പേര് അഭിപ്രായപ്പെടുന്നതായും സര്‍വേ പറയുന്നു.
അതിനിടെ ജനുവരി 15 ന് നടക്കാനിരിക്കുന്ന പാര്‍ലമെന്റിലെ ബ്രെക്സിറ്റ് വോട്ടെടുപ്പ് പ്രധാനമന്ത്രി തെരേസ മേയ്ക്ക് അഗ്നിപരീക്ഷയാകും എന്നുറപ്പായി. യൂറോപ്യന്‍ യൂനിയന്‍ നേതാക്കളുടെ അംഗീകാരം ലഭിച്ച കരാറാണ് പാര്‍ലമെന്റിന്റെ പരിഗണനക്കെത്തുന്നത്. പാര്‍ലമെന്റ് അംഗങ്ങളുടെ ഭൂരിപക്ഷ പിന്തുണ ലഭിച്ചില്ലെങ്കില്‍ കരാര്‍ അസാധുവാകും.
സ്വന്തം പാളയത്തില്‍തന്നെ പ്രതിഷേധം ശക്തമാണെന്നതിനാല്‍ കരാര്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ടാല്‍ മേയുടെ പ്രധാനമന്ത്രി കസേരക്കും ഇളക്കം തട്ടും. കണ്‍സര്‍വേറ്റിവുകള്‍ക്ക് ഭരണം നിലനിര്‍ത്താന്‍ പിന്തുണ നല്കുന്ന ഡെമോക്രാറ്റിക് യൂനിയനിസ്റ്റ് പാര്‍ട്ടി പാര്‍ലമെന്റ് വോട്ടെടുപ്പില്‍ കരാറിനെ പിന്തുണക്കില്ലെന്ന് ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍ ആരു കൈവിട്ടാലും കരാര്‍ പാസാക്കാനാകുമെന്നാണ് ബ്രെക്സിറ്റ് മന്ത്രി ക്വാസി ക്വാര്ട്ടങിന്റെ പ്രതികരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല