1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 9, 2011


ടോട്ടന്‍ ഹാമില്‍ ഒരു യുവാവിനെ പോലീസ് വെടിവച്ചുകൊന്നതിനെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട കലാപം ലണ്ടനിലാകെ പടരുന്നു. ടോട്ടന്‍ഹാമില്‍ നിന്നും സമീപപ്രദേങ്ങളിലേക്കും കലാപം പടര്‍ന്നു കഴിഞ്ഞു. ഒളിമ്പിക്‌സ് ഗ്രാമമായ ഹാക്ക്‌നിയില്‍ ഇന്നലെ വൈകുന്നേരത്താടെ പൊട്ടിപ്പുറപ്പെട്ട കലാപം ഈസ്റ്റ്ഹാം, ഇല്‍ഫോര്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലേക്കും എത്തി. മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈസ്റ്റ്ഹാമില്‍ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഇന്ന് വൈകുന്നേരത്തോടെ കടകമ്പോളങ്ങള്‍ അടച്ചു. ഹൈസ്ട്രീറ്റിലെ വാണിജ്യ സ്ഥാപനങ്ങളും കടകളുമാണ് കലാപകാരികള്‍ ലക്ഷ്യമിടുന്നത്. ഇതേ തുടര്‍ന്ന് സ്ഥാപനങ്ങള്‍ നേരത്തേ അടച്ചു. കലാപകാരികള്‍ ഈസ്റ്റ് ഹാമിലൂടെ റോന്തുചുറ്റുകയാണ്. പോലീസ് വാഹനങ്ങള്‍ ചീറിപ്പായുന്ന കാഴ്ചയാണ് എവിടെയും. വുഡ്ഗ്രീന്‍, എന്‍ഫീല്‍ഡ്, ബ്രിക്സ്റ്റണ്‍, വാല്‍താംസ്റ്റോം, വാല്‍താംസ്റ്റാംഫോറസ്റ്റ്, തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് കലാപം പടര്‍ന്നു കൊണ്ടിരിക്കുന്നത്.

വ്യാഴാഴ്ച വൈകുന്നേരം ടോട്ടന്‍ഹാമില്‍ മാര്‍ക്ക് ഡഗ്ഗന്‍ എന്ന യുവാവിനെ പോലീസ് വെടിവച്ചതിനെ തുടര്‍ന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. ഡഗ്ഗന്റെ കുടുംബത്തോട് നീതി കാട്ടുക എന്ന മുദ്രാവാക്യവുമായി പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് നിയന്ത്രണം വിടുകയും കലാപമായി മാറുകയുമായിരുന്നു. ടോട്ടന്‍ഹാമില്‍ ഡബള്‍ ഡക്കര്‍ ബസും കാറുകളും കത്തിച്ചു. കടകള്‍ വ്യാപകമായി കൊള്ളയടിച്ചു. ശനിയാഴ്ച വൈകുംന്നേരമായിരുന്നു പോലീസ് സ്റ്റേഷന്‍ മാര്‍ച്ച്. കലാപത്തില്‍ പലയിടങ്ങളിലായി 35 പോലീസുകാര്‍ക്ക് പരിക്കേറ്റു. അതേ സമയം മുന്നൂറ് പേര്‍ വീടു വിടേണ്ടിവന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് 225 പേരെ അറസ്റ്റ് ചെയ്തു. ടോട്ടന്‍ഹാമിലെ പോലീസ് മേധാവി അമേരിക്കന്‍ ഹോളിഡേ റദ്ദാക്കി യു.കെ.യിലേക്ക് മടങ്ങിയിട്ടുണ്ട്. കലാപം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ ഒരു ഭാഗത്ത് നടക്കുമ്പോള്‍ മറ്റിടങ്ങളിലേക്കും കലാപം നീങ്ങുന്നതിന്റെ സൂചനകളാണ് മറുഭാഗത്ത്.

ഞായറാഴ്ച രാത്രിയോടെയാണ് എന്‍ഫീല്‍ഡില്‍ കലാപം തുടങ്ങിയത്. രാത്രിയോടെ ഒരാള്‍ക്ക് കുത്തേറ്റു. ക്രിമിനലുകള്‍ നഗരം കീഴടക്കുകയും കൊള്ളയും തീവെപ്പും നടത്തുകയായിരുന്നു. പലയിടങ്ങളിലും പോലീസിന് നേരേ ആക്രമണം നടക്കുന്നുണ്ട്. ടോട്ടന്‍ഹാമില്‍ നിന്നും എട്ടുമൈല്‍ ദൂരെയാണ് എന്‍ഫീല്‍ഡ്. എന്‍ഫീല്‍ഡില്‍ റെയില്‍വേസ്റ്റേഷനില്‍ തമ്പടിച്ച യുവാക്കളാണ് കലാപത്തിന് നേതൃത്വം നല്‍കിയത്. എണ്‍പതുകളില്‍ ഉണ്ടായ വംശീയ കലാപത്തിന്റെ മറ്റൊരു രൂപമായി കലാപം മാറുകയാണെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. പോലീസിന് നേരെയുള്ള ആക്രമണം എല്ലായിടത്തും തുടരുകയാണ്.കടള്‍ ആക്രമിച്ച് സാധനങ്ങള്‍ കൊള്ളയടിക്കുന്നതാണ് എല്ലായിടങ്ങളിലും. ശനിയാഴ്ച രാത്രിയും ഇന്നലെ രാത്രിയും ആക്രമങ്ങള്‍ ഉണ്ടായി. ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രിയിലുണ്ടായ ആക്രമണത്തില്‍ 35 പോലീസുകാര്‍ക്ക് പരിക്കേറ്റു. കലാപത്തിന് മറവില്‍ കൊള്ളയാണ് കൂടുതലും നടക്കുന്നത്. ഒരാള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുള്ള പ്രതിഷേധം ക്രിമിനലുകള്‍ കലാപമായി മാറ്റുകയായിരുന്നു.

ബ്രിക്സ്റ്റണില്‍ 200 അംഗങ്ങളുള്ള സംഘമാണ് കലാപത്തിന് പിന്നിലെന്ന് ബിബിസി റിപ്പോര്‍ട്ട്ചെയ്തു. ബ്രിക്സ്റ്റണിലെ ഹൈസ്ട്രീറ്റിലാണ് കൊള്ള ഏറെയും നടന്നത്.
ചിലയിടങ്ങളില്‍ പോലീസ്റെയില്‍വേസ്റ്റേഷന്‍ അടക്കുകയും ബസുകള്‍ വഴിമാറ്റി വിടുകയും ചെയ്തിരിക്കുകയാണ്. വല്‍താംസ്റ്റാമില്‍ 30 അംഗ മുഖംമൂടി ധരിച്ച യുവാക്കളാണ് കൊള്ളക്ക് നേതൃത്വം നല്‍കിയത്. സെന്‍ട്രല്‍ ലണ്ടനിലും പ്രശ്നങ്ങളുണ്ട്. അമ്പതോളം വരുന്ന സംഘമാണ് അവിടെ പ്രശ്നങ്ങളുണ്ടാക്കുന്നത്. ലണ്ടനിലെ കലാപം അടിച്ചൊതുക്കാന്‍ പോലീസിന് കഴിയാത്തത് എവിടെയും ചര്‍ച്ചയാകുകയാണ്.പ്രത്യേകിച്ച് അടുത്ത വര്‍ഷം ഒളിമ്പിക്സ് നടക്കാനിരിക്കെ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് ലണ്ടനിലെ സുരക്ഷാക്രമീകരണങ്ങളെക്കുറിച്ച് ആശങ്കയുണ്ടാക്കും. ക്രമിനലുകളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കമ്യൂണിറ്റിയില്‍പ്പെട്ടവര്‍ സഹായിക്കണമെന്ന് ഹോം സെക്രട്ടറി തെരേസമേയ് അഭ്യര്‍ഥിച്ചെങ്കിലും പ്രശ്നങ്ങള്‍ ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ല.

കലാപ ബാധിത സ്ഥലങ്ങളിലെ മലയാളികള്‍ ശ്രദ്ധിക്കുന്നത് ഉചിതമായിരിക്കും. കലാപം നടക്കുന്ന ഇടങ്ങളിലുള്ളവര്‍ വാര്‍ത്തകള്‍ ശ്രദ്ധിച്ചവേണം പുറത്തിറങ്ങാന്‍. ടോട്ടന്‍ഹാമില്‍ കറുത്ത വംശജര്‍ കൂടുതലുള്ള സ്ഥലമാണ്. അവിടെ നിന്ന് പൊട്ടിപ്പുറപ്പെട്ട കലാപം കമ്യൂണിറ്റ് ഇടയിലൂടെ വളരാതിരിക്കാന്‍ പോലീസും ഭരണാധികാരികളും ശ്രദ്ധിക്കുന്നുണ്ടെങ്കിലും അത് പൂര്‍ണമായി വിജയിച്ചിട്ടില്ല. മില്യണ്‍ കണക്കിന് പൌണ്ടിന്റെ നാശനഷ്ടമാണ് എല്ലായിടത്തും. ആവശ്യത്തിന് പോലീസ് ഇല്ലാത്തത് കലാപകാരികളെ ഒതുക്കാന്‍ തടസമാകുന്നുണ്ട്.

ഒളിമ്പിക്സ് ഗ്രാമത്തിനോട് അടുത്തുള്ള ഹെക്നിയില്‍ ഇന്നലെ വൈകുന്നേരം കടകള്‍ വ്യാപകമായി കൊള്ളയടിക്കപ്പെട്ടു. ലൂവിസ് ഹാമിലും വ്യാപകമായ കൊള്ളയും തീവെപ്പും നടക്കുകയാണ്. സൌത്ത് ലണ്ടനില്‍ പെക്ക്ഹാമില്‍ ഇന്നലെ വൈകുന്നേരം ഏഴേകാലോടെ വലിയ ഒരു വ്യാപാര സമുച്ചയത്തിന് അക്രമികള്‍ തീയിട്ടു. കാല്‍ മണിക്കൂറിന് ശേഷമാണ് ഫയര്‍ഫോഴ്സ് എത്തിയത്. ആരെങ്കിലും മരിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല. അക്രമികള്‍ നിര്‍ഭയത്തോടെ നഗരം കീഴടക്കുന്ന കാഴ്ചയാണ് ലണ്ടനില്‍. പോലീസാകട്ടെ കാര്യമായി ഒന്നും ചെയ്യുന്നില്ല. ബിന്നുകളും വാഹനങ്ങളും റോഡിലേക്ക് കൊണ്ടുവന്ന് അക്രമികള്‍ തീയിടുന്നു. പോലീസും ആക്രമികളും മുഖാമുഖം കാണുന്നുണ്ടെങ്കിലും പോലീസ് വെറും കാഴ്ചക്കാരായി നോക്കി നില്‍ക്കുകയാണ്. പോലീസിന് മുന്നിലാണ് അക്രമികളുടെ വിളയാട്ടം. വഴിയരികില്‍ പാര്‍ക്കു ചെയ്യുന്ന വാഹനങ്ങള്‍ അക്രമികള്‍ റോഡിലേക്ക് ഉന്തിക്കൊണ്ടുവന്ന് തീയിടുകയാണ്.

ഹാക്ക്നിയില്‍ നിരവധി മലയാളികുടുംബങ്ങള്‍ ഉള്ള സ്ഥലമാണ്. ആരെങ്കിലും അക്രമത്തില്‍പ്പെട്ടോയെന്ന് വ്യക്തമല്ല. വൈകുന്നേരത്തോടെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് അക്രമം പടരുകയാണ്. ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥ. തൊഴില്‍ രഹിതരും അക്രമികളും മയക്കുമരുന്ന് ഉപയോക്താക്കളുമൊക്കെ കലാപം മുതലാക്കുന്നു. എപ്പോള്‍ വേണമെങ്കിലും ലണ്ടനില്‍ എന്തും സംഭവിക്കാം എന്ന അവസ്ഥയാണ്. കുതിരപ്പോലീസും ഹെലികോപ്ടര്‍ പോലീസുമൊക്കെയുണ്ടെങ്കിലും കലാപ ബാധിത സ്ഥലങ്ങളില്‍ ആരേയും കാണുന്നില്ല. 225 പേരെ അറസ്റ്റ്ചെയ്തതായി ഹോം സെക്രട്ടറി പറയുന്നു. എന്നാല്‍ അക്രമികളുടെ എണ്ണം പെരുകുന്നതേയുള്ളു. മലയാളികള്‍ ഉള്‍പ്പെടുന്ന ജനങ്ങള്‍ പലയിടങ്ങളിലും ഭയന്നു വിറച്ചാണ് കഴിയുന്നത്. പലയിടങ്ങളിലും പോലീസിന് നേരേ അക്രമം നടക്കുന്നുണ്ട്. എന്നാല്‍ കണ്ണീര്‍ വാതകം, ജലപീരങ്കി അക്രമികളെ ചിതറിക്കാന്‍ ഉപയോഗിക്കുന്ന മാര്‍ഗങ്ങളൊന്നും ഉപയോഗിക്കുന്നതായി കാണുന്നില്ല.

തലസ്ഥാനം കത്തുമ്പോള്‍ ഭരണകൂടത്തെക്കുറിച്ച് ഒരു വിവരവുമില്ല. കലാപം അവസാനിപ്പിക്കാന്‍ കഴിയുന്നില്ല എന്നു മാത്രമല്ല, മൂന്നാം ലോക രാജ്യങ്ങളെപ്പോലെയാണ് ബ്രിട്ടന്‍ കലാപത്തെ നേരിടുന്നത്. മലയാളികള്‍ വ്യാപകമായി ബ്രിട്ടനില്‍ എത്തിയ ശേഷം ഇങ്ങനെയൊരു സംഭവം ആദ്യമാണ്.കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടെയില്‍ ഇങ്ങനെയൊരു കലാപം കണ്ടിട്ടില്ലെന്ന് ലണ്ടനിലെ ആദ്യകാല കുടിയേറ്റക്കാര്‍ പറയുന്നു. ഇസ്റ്റ്ഹാമില്‍ പ്രൈമാര്‍ക്കിന് തീയിട്ടു. തൊട്ടടുത്ത് അപ്റ്റണ്‍പാര്‍ക്കിലും പല കടകള്‍ക്കും തീയിട്ടു. അക്രമം എല്ലായിടങ്ങളിലേക്കും പടരുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.