സ്വന്തം ലേഖകന്‍: മെക്സിക്കന്‍ അതിര്‍ത്തി മതില് പണിയുമായി മുന്നോട്ടു തന്നെയെന്ന് ട്രംപ്; അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് വീണ്ടും ഭീഷണി; ശമ്പളമില്ലാതെ ക്ഷമ നശിച്ച ജീവനക്കാര്‍ പ്രതിഷേധവുമായി തെരുവില്‍. അമേരിക്കയില്‍ മെക്സിക്കന്‍ മതിലിനെ ചൊല്ലിയുള്ള ഭരണപ്രതിസന്ധി തുടരുന്നതിനിടെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അതിര്‍ത്തി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.
ഫണ്ടു ലഭ്യമായില്ലെങ്കില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് തനിക്ക് പൂര്‍ണ അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ഭരണപ്രതിസന്ധി മൂന്നാഴ്ചയായി തുടരുന്നതിനിടെ ട്രംപിനെതിരേ സമരക്കാര്‍ വാഷിംഗ്ടണില്‍ തെരുവിലിറങ്ങി. ഭരണപ്രതിസന്ധി മൂലം എട്ട് ലക്ഷം പേര്‍ക്കാണ് ശമ്പളം മുടങ്ങിയിരിക്കുന്നത്.
മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതിലോ സ്റ്റീല്‍ വേലിയോ കെട്ടുന്നതിനു പണം അനുവദിക്കാന്‍ ഡെമോക്രാറ്റ് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭ തയാറാവാത്തതാണ് ഭാഗിക ഭരണസ്തംഭനത്തിന് ഇടയാക്കിയിരിക്കുന്നത്. ഈ വിഷയത്തില്‍ ട്രഷറികള്‍ അടച്ചിടുന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്നായിരുന്നു ട്രംപ് ആദ്യം പറഞ്ഞിരുന്നത്. ഒപ്പം ഡെമോക്രാറ്റുകളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
പ്രതിരോധ മന്ത്രാലയത്തിന്റെ ഫണ്ട് ഉപയോഗിച്ച് മതില് നിര്‍മിക്കാനാണ് ട്രംപിന്റെ നീക്കമെന്നും സൂചനയുണ്ട്. ഒന്നുകില്‍ ഒരു ധാരണയിലെത്തണം, ധാരണയിലെത്തുക എന്നുവെച്ചാല്‍ അത് വിജയമാണ്. അല്ലെങ്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം; അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് താന്‍ തയ്യാറെടുപ്പുകളൊന്നും നടത്തിയിട്ടില്ല. എന്നാല്‍ പ്രഖ്യാപിക്കേണ്ട സാഹചര്യമുണ്ടായാല്‍ അതിന് മടിക്കില്ലെന്നും ട്രംപ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല