സ്വന്തം ലേഖകന്‍: ബ്രെക്സിറ്റ് കരാര്‍; പാര്‍ലമെന്റ് പാസാക്കിയ പ്രമേയം തെരേസാ മേയ് സര്‍ക്കാര്‍ അംഗീകരിച്ചേക്കുമെന്ന് സൂചന; ജനുവരി 15 ലെ ബ്രെക്സിറ്റ് വോട്ടില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ പൊതു തെരഞ്ഞെടുപ്പ് നടത്തണമെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് ജെര്‍മി കോര്ബിന്. ബ്രെക്സിറ്റ് കരാറുമായി ബന്ധപ്പെട്ട് പാര്‍ലമെന്റ് പാസാക്കിയ പ്രമേയം ബ്രിട്ടീഷ്സര്‍ക്കാര്‍ അംഗീകരിച്ചേക്കുമെന്ന് ആഭ്യന്ത്രര മന്ത്രി ആന്‍ഡ്രിയ ലിഡ്സം ആണ് സൂചന നല്‍കിയത്.
അതിനിടെ വോട്ടെടുപ്പില്‍ സര്‍ക്കാറിന് തിരിച്ചടി നേരിട്ടാല്‍ രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തി. വോട്ടെടുപ്പ് കഴിഞ്ഞുള്ള പാര്‍ലമെന്റിന്റെ മൂന്നാമത്തെ പ്രവൃത്തി ദിവസത്തിനുള്ളില്‍ തീരുമാനം അറിയിക്കണമെന്നാണ് പ്രമേയം. ജനുവരി 18ന് പാര്‍ലമെന്റ് അവധിയായതിനാല്‍ തീരുമാനമറിയിക്കാന്‍ ജനുവരി 21 വരെ സമയമുണ്ട്. അതിനിടെ ജനുവരി 15നു നടക്കുന്ന വോട്ടെടുപ്പില്‍ സര്‍ക്കാറിന് തിരിച്ചടി നേരിട്ടാല്‍ രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് നടത്തണമെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് ജെര്‍മി കോര്ബിന് ആവശ്യപ്പെട്ടു.
പാര്‍ലമെന്റില്‍ ഡിസംബര്‍11 ന് നടക്കേണ്ട തെരഞ്ഞെടുപ്പാണ് ജനുവരി 15ന് നടക്കാനിരിക്കുന്നത്. പാര്‍ലമെന്റില്‍ തിരിച്ചടി നേരിടാനുള്ള സാധ്യത മുന്നില്‍കണ്ടാണ് അന്ന് മേ വോട്ടെടുപ്പ് മാറ്റിവെച്ചത്. അടുത്തയാഴ്ച നടക്കുന്ന വോട്ടെടുപ്പില്‍ മേ പരാജയപ്പെട്ടാല്‍ നിയമം നടപ്പാക്കേണ്ട മാര്‍ച്ച് 29 ന് മുമ്പായി മറ്റൊരു നിയമവ്യവസ്ഥയുണ്ടാക്കി പാര്‍ലമെന്റില്‍ പാസാക്കണം. അല്ലെങ്കില്‍ പ്രത്യേക സഹകരണ കരാറുകളൊന്നുമില്ലാതെ യൂറോപ്യന്‍ യൂണിയന് വിടേണ്ടിവരും. ഇയുവിലെ മറ്റു രാജ്യങ്ങളോട് ഉടമ്പടിയൊന്നുമില്ലാത്ത നോഡീല്‍ ബ്രെക്സിറ്റിലേക്ക് നീങ്ങിയാല്‍ അത് ബ്രിട്ടനെ പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നാണ് വിമര്‍ശകര്‍ മുന്നറിപ്പ് നല്‍കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല