1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 13, 2019

സ്വന്തം ലേഖകന്‍: യുഎസില്‍ ഭരണസ്തംഭനം ചരിത്രത്തിലെ ഏറ്റവും നീണ്ട പ്രതിസന്ധിയിലേക്ക്; ജനരോഷം ശക്തമാകുന്നതിനിടെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിനെതിരെ മത്സരിക്കുമെന്ന് തുള്‍സി ഗബാര്‍ഡ്. മെക്‌സിക്കന്‍ അതിര്‍ത്തിയിലെ മതിലില്‍ തടഞ്ഞു നില്‍ക്കുന്ന യുഎസ് ഭരണപ്രതിസന്ധി നാലാം ആഴ്ചയിലേക്ക്. 8 ലക്ഷത്തോളം ഫെഡറല്‍ ജീവനക്കാര്‍ക്കു ശമ്പളം മുടക്കി തുടരുന്ന സ്തംഭനം 22 ദിവസം പിന്നിട്ടു.

യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും നീണ്ട ഭരണസ്തംഭനമാണിത്. മുന്‍പ് ബില്‍ ക്ലിന്റന്‍ പ്രസിഡന്റായിരിക്കെ 1995 – 96 ല്‍ 21 ദിവസം ട്രഷറി തടസ്സപ്പെട്ടിരുന്നു. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മാണത്തിന് പണം അനുവദിക്കുന്നതിനെ യുഎസ് കോണ്‍ഗ്രസില്‍ ഡെമോക്രാറ്റുകള്‍ തടയുന്നതാണ് പ്രശ്‌നകാരണം. കോണ്‍ഗ്രസിനെ മറികടക്കാന്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്നു ട്രംപ് ഇടയ്ക്കിടെ പറയുന്നുമുണ്ട്. എന്നാല്‍, കഴിഞ്ഞ ദിവസം ഉടന്‍ അടിയന്തരാവസ്ഥ എന്ന മട്ടില്‍ പ്രതികരിച്ച പ്രസിഡന്റ് നിലപാട് അല്‍പം മയപ്പെടുത്തിയിട്ടുണ്ട്.

അതിനിടെ 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെതിരെ മത്സരിക്കുമെന്ന് യു.എസ് ജനപ്രതിനിധി സഭാംഗവും പ്രതിപക്ഷ ഡെമോക്രാറ്റ് നേതാവുമായ തുള്‍സി ഗബാര്‍ഡ് പ്രഖ്യാപിച്ചു. വരും ദിവസങ്ങളില്‍ ഇതു സംബന്ധിച്ച് കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നും ഒരു അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കി.

അമേരിക്കന്‍ ജനത നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും അവര്‍ പറഞ്ഞു. 2015ല്‍ ഡെമോക്രാറ്റിക് നാഷണല്‍ കമ്മിറ്റി വൈസ് ചെയര്‍പേഴ്‌സ ണായിരുന്നു ഗബാര്‍ഡ്. 2016ലും അവര്‍ സജീവമായി രാഷ്ട്രീയത്തില്‍ പങ്കെടുത്തിരുന്നു. യു.എസ് കോണ്‍ഗ്രസിലെത്തുന്ന ആദ്യ ഹിന്ദു വനിതയാണ് ഗബാര്‍ഡ്. ഇന്ത്യന്‍ വംശജ കമല ഹാരിസ് അടക്കം 12 ലധികം ഡെമോക്രാറ്റ് നേതാക്കള്‍ ട്രംപിനെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.