സ്വന്തം ലേഖകന്‍: ജീവകാരുണ്യ പരിപാടിക്കിടെ പോളിഷ് മേയറെ കുത്തി വീഴ്ത്തി ചെറുപ്പക്കാരന്; മേയറുടെ നില അതീവ ഗുരുതരമെന്ന് അധികൃതര്‍. പോളിഷ് നഗരമായ ഡാന്‍സ്കിലെ മേയര്‍ പവല്‍ അഡമോവിസിനാണ് കുത്തേറ്റത്. പരിപാടി നടക്കുന്ന സ്റ്റേജിലേക്ക് അതിക്രമിച്ച് കയറിയ 27 വയസുകാരന് മേയറെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഡമോവിസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുട്ടികളുടെ ചികിത്സയ്ക്ക് വേണ്ടി പണം കണ്ടെത്തുന്നതിന് സംഘടിപ്പിച്ച സംഗീതപരിപാടിക്കിടെയാണ് ദാരുണമായ സംഭവം. വ്യാജ മീഡിയ പാസില്‍ സ്റ്റേജില്‍ പ്രവേശിപ്പിച്ച യുവാവ് മേയര്‍ കുത്തിവീഴ്ത്തുകയായിരുന്നു. പരിപാടി കാണാനെത്തിയ ആയിരക്കണക്കിന് ആളുകള്‍ക്ക് മുമ്പിലാണ് മേയര്‍ കുത്തേറ്റു വീണത്. സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
മുന്‍ ഭരണകൂടം തന്നെ അന്യായമായ തടവിലാക്കി എന്നാക്രോശിച്ചായിരുന്നു ആക്രമണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. മേയറുടെ മുന്‍ പാര്‍ട്ടിയായ സിവിക് പ്ലാറ്റ്ഫോമാണ് കഴിഞ്ഞതവണ ഭരണം നടത്തിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മേയറുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ 20 വര്‍ഷമായി ബാള്‍ട്ടിക് തീരനഗരമായ ഡാന്‍സ്കിലെ മേയറാണ് അഡമോവിസ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല