സ്വന്തം ലേഖകന്‍: തനിക്കും പുടിനുമിടയില്‍ രഹസ്യങ്ങള്‍ പൂഴ്ത്തിവെച്ചിട്ടില്ലെന്ന് ട്രംപ്; ഒന്നും യുഎസ് ഉദ്യോഗസ്ഥരോടു മറച്ചുവച്ചിട്ടില്ല; ആരോപണം ഉന്നയിച്ച വാഷിംഗ്ടണ്‍ പോസ്റ്റിന് രൂക്ഷ വിമര്‍ശനം. റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനുമായി നടത്തിയ സംഭാഷണ വിശദാംശങ്ങള്‍ താന്‍ യുഎസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടു മറച്ചുവയ്ക്കുന്നുവെന്ന റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമാണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി.
വാഷിംഗ്ടണ്‍ പോസ്റ്റ് പത്രമാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഹെല്‍സിങ്കി ഉച്ചകോടിയില്‍ അടക്കം കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ അഞ്ചു തവണ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ ട്രംപ് ആരോടും പറഞ്ഞിട്ടില്ലെന്നാണ് ആരോപിച്ചത്. സംഭാഷണം പുറത്തുവിടുന്നതില്‍നിന്ന് ഹെല്‍സിങ്കി ഉച്ചകോടിയിലെ ദ്വിഭാഷിയെ വിലക്കുകയും ചെയ്തത്രേ.
ഇതു വെറും പരിഹാസ്യമാണെന്ന് ഫോക്സ് ന്യൂസിനു നല്കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു. സാധാരണ പ്രസിഡന്റുമാര്‍ തമ്മിലുള്ള സംഭാഷണമാണ് ഹെല്‍സിങ്കിയില്‍ നടന്നത്. ഇസ്രയേല്‍ അടക്കമുള്ള വിഷയങ്ങള്‍ പുടിനുമായി ചര്‍ച്ച ചെയ്തു. സംഭാഷണം രഹസ്യമായിരുന്നില്ലെന്നും ആര്‍ക്കും വേണമെങ്കില്‍ കേള്ക്കാവുന്നതായിരുന്നെന്നും ട്രംപ് പറഞ്ഞു.
ട്രംപ് റഷ്യയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചുവെന്ന സംശയത്തില്‍ എഫ്ബിഐ അന്വേഷണം നടത്തിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് പത്രം റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് വാഷിംഗ്ടണ്‍ പോസ്റ്റില്‍ ആരോപണം ഉണ്ടായത്. ഏറ്റവും അപമാനകരമായ ലേഖനമാണ് ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ചതെന്ന് ട്രംപ് പറഞ്ഞു. വാഷിംഗ്ടണ്‍ പോസ്റ്റ് പത്രം ഇകൊമേഴ്സ് സ്ഥാപനമായ ആമസോണിനുവേണ്ടി ലോബിയിംഗ് നടത്തുകയാണെന്നും ട്രംപ് ആരോപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല