സ്വന്തം ലേഖകന്‍: പ്രേം നസീറിനെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറക്കിയത് ഇന്‍കം ടാക്സ് റെയ്ഡ് അടക്കമുള്ള മുന്നറിയിപ്പുകള്‍ പ്രയോഗിച്ച്; വെളിപ്പെടുത്തലുമായി മകന് ഷാനവാസ്. കോണ്‍ഗ്രസ് നേതാക്കളുടെ ഭീഷണിക്കു വഴങ്ങിയാണു നടന് പ്രേം നസീര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയതെന്ന് മകന് ഷാനവാസ് ഒരു സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്.
മുന്‍ മുഖ്യമന്ത്രി കെ. കരുണാകരനാണ് നസീറിനെ കോണ്‍ഗ്രസിനൊപ്പം നിര്‍ത്താന്‍ ശ്രമിച്ചതെന്നും ഇതിന് ഇന്‍കം ടാക്സ് റെയ്ഡ് അടക്കമുള്ള പിന്തുണയുമായി പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ഒപ്പമുണ്ടായിരുന്നെന്നും ഷാനവാസ് പറയുന്നു. മറ്റൊരു സംഘം നസീറിനെ രാഷ്ട്രീയത്തിലേക്ക് ഇറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കരുണാകരന്റെ ഇടപെടല്‍ വരുന്നത്.
സ്വന്തമായി ഒരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കാനുള്ള രാഷ്ട്രീയ സാന്പത്തിക പിന്തുണ അവര്‍ വാഗ്ദാനം ചെയ്തു. നോക്കട്ടെ എന്നൊക്കെ പറഞ്ഞ് അവരില്‍നിന്നു നയപരമായി ഒഴിഞ്ഞു മാറുകയായിരുന്നു അച്ഛന് ചെയ്തത്. ഇതിനു പിന്നാലെയാണ് കരുണാകരന് ഇന്ദിരാ ഗാന്ധിയെ നിര്‍ബന്ധിച്ച് നസീറിന്റെ വീട്ടിലേക്ക് വിളിപ്പിക്കുന്നത്. ചിറയിന്‍കീഴ് ഉള്‍പ്പെടെ ഏത് മണ്ഡലത്തിലും മത്സരിക്കാമെന്നു പറഞ്ഞു.
എന്നാല്‍ മത്സരത്തിനില്ലെന്നും പ്രചാരണത്തിന് ഇറങ്ങാമെന്നുമുള്ള നിബന്ധനയില്‍ നസീര്‍ വിഷയം അവസാനിപ്പിക്കുകയായിരുന്നെന്ന് ഷാനവാസ് പറയുന്നു. രാഷ്ട്രീയത്തില്‍ ഇറക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി ഇന്‍കം ടാക്സ് റെയ്ഡ് നടത്തിയെന്നും കോളജില്‍ പഠിക്കുന്ന കാലത്ത് തന്നെ കോണ്‍ഗ്രസിനോട് അനുഭാവമുണ്ടായിരുന്ന ആളായിരുന്നു നസീര്‍ എന്നും ഷാനവാസ് പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല