സ്വന്തം ലേഖകന്‍: ഇന്ത്യയും കുവൈത്തും തമ്മില്‍ വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ ധാരണയായി; ഇരു രാജ്യങ്ങളിലേയും വിമാന കമ്പനികള്‍ പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കും. കഴിഞ്ഞ ദിവസം മുംബൈയില്‍ ചേര്‍ന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. വ്യോമയാനമേഖലയില്‍ ഇരു രാജ്യങ്ങളിള്ക്കുമിടയിലെ സഹകരണം ശക്തിപ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയായി.
കുവൈത്ത് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് മേധാവി ഷെയ്ഖ് സല്മാന് സബാഹ് സാലിം അല്‍ ഹമൂദ് അല്‍ സബാഹിന്റെയും കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി സുരേഷ് പ്രഭുവിന്റേയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് വ്യോമയാന മേഖലയിലെ സഹകരണം ശക്തിപ്പെടുത്താന്‍ ധാരണയായത്. വ്യോമ ഗതാഗത രംഗത്തില്‍ നിലനില്‍ക്കുന്ന പൊതു പ്രശ്നങ്ങളും ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നതിന്റെ സാധ്യതകളും യോഗം ചര്‍ച്ച ചെയ്തു.
സിവില്‍ ഏവിയേഷന്‍ രംഗത്തെ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി നിരവധി നിര്‍ദേശങ്ങളും യോഗത്തില്‍ ഉയര്‍ന്നുവന്നു. ഇരു രാജ്യങ്ങളിലെയും വ്യോമയാനമേഖലയിലെ സാങ്കേതിക വിദഗ്ദര്‍ തമ്മില്‍ ആശയ സംവാദങ്ങള്‍ വര്‍ധിപ്പിക്കുക, വിമാന സര്‍വീസുകളുടെ എണ്ണം കൂട്ടുക ഇന്ത്യയിലെയും കുവൈത്തിലെയും വിമാനക്കമ്പനികള്‍ പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കുക തുടങ്ങിയവയാണ് മറ്റ് പ്രധാന നിര്‍ദേശങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല