സ്വന്തം ലേഖകന്‍: സൗബിന്, ഷെയ്ന്, ശ്രീനാഥ് ഭാസി, പിന്നെ ‘അത്ര വെടിപ്പല്ലാത്ത’ കഥാപാത്രമായി ഫഹദ് ഫാസിലും; കുമ്പളങ്ങി നൈറ്റ്സ് ട്രെയിലറിന് സമൂഹ മാധ്യമങ്ങളില്‍ വന്‍ വരവേല്പ്. മധു സി നാരായണന് സംവിധാനം ചെയ്യുന്ന കുമ്പളങ്ങി നൈറ്റ്സിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തിറങ്ങി. ഫഹദ് ഫാസില്‍, ഷെയ്ന് നിഗം, സൗബിന് സാഹിര്‍, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നസ്രിയയും ദിലീഷ് പോത്തനും ശ്യാം പുഷ്ക്കരനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രമാണിത്.
വില്ലന്‍ വേഷത്തിലാണ് ഫഹദ് എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രെയിലറില്‍ ഫഹദ് പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തുന്നില്ല. ‘അത്ര വെടിപ്പല്ലാത്ത’ എന്നാണ് ഫഹദിന്റെ കഥാപാത്രത്തെക്കുറിച്ച് ട്രെയിലറില്‍ പറയുന്നത്. ജനപ്രിയ താരങ്ങളായ സൗബിന് ഷാഹിര്‍, ഷെയ്ന് നിഗം, ശ്രീനാഥ് ഭാസി തുടങ്ങിയവര്‍ക്കൊപ്പം ഫഹദും ശ്യാം പുഷ്കരന്റെ തിരക്കഥയുമൊക്കെ ഒത്തു ചേരുന്ന ചിത്രം ആരാധകരുടെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തിയിട്ടുണ്ട്.
കുറച്ചു നാളുകള്‍ മുമ്പ് പുറത്തു വിട്ട ടീസറില്‍ പഴയ ദൂരദര്ശന് വാര്‍ത്തകളുടെ പശ്ചാത്തല സംഗീതത്തിനൊപ്പിച്ച് സൗബിനും ശ്രീനാഥും ഷെയ്നും നൃത്തം ചെയ്യുന്ന രംഗം വൈറലായിരുന്നു. ഷൈജു ഖാലിദാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അന്‍വര്‍ അലി, വിനായക് ശശികുമാര്‍, നസര്‍ അഹമ്മദ് എന്നവിരുടെ വരികള്‍ക്ക് സുശിന്‍ ശ്യാം സംഗീതം നല്കുന്നു. ചിത്രം ഫെബ്രുവരി 7ന് ചിത്രം റിലീസ് ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല