സ്വന്തം ലേഖകന്‍: മകന്റെ ചികിത്സയ്ക്ക് ലഭിച്ചു കൊണ്ടിരുന്ന സഹായം പൊന്നമ്മ ബാബുവിന്റെ ഇടപെടലോടെ ഇല്ലാതായി; നടി സേതുലക്ഷ്മി. വൃക്ക തകരാറിലായ മകന്റെ ചികിത്സയുമായി ബന്ധപ്പെട്ട ലഭിച്ചു കൊണ്ടിരുന്ന സഹായങ്ങള്‍ പൊന്നമ്മ ബാബുവിന്റെ ഇടപെടലോടെ ഇല്ലാതായെന്ന് നടി സേതുലക്ഷ്മി. പൊന്നമ്മ ബാബു സഹായം വാഗ്ദാനം ചെയ്തു രംഗത്തെത്തിയതോടു കൂടെ പ്രശനങ്ങളെല്ലാം തീര്‍ന്നെന്ന് ആളുകള്‍ വിചാരിച്ചെന്നും അതോടെ ലഭിച്ചുകൊണ്ടിരുന്ന എല്ലാ സഹായങ്ങളും നിലച്ചുവെന്നും സേതുലക്ഷ്മി പറഞ്ഞു.
മകന് കിഷോറിന്റെ രണ്ട് കിഡ്നിയും തകരാറിലായതിനെ തുടര്‍ന്നാണ് ഒരു ഫേസ്ബുക്ക് പേജിലൂടെ സഹായഭ്യാര്‍ത്ഥനയുമായി സേതുലക്ഷ്മി രംഗത്ത് എത്തിയത്. അഭ്യര്‍ത്ഥന ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേര് നടിക്കും മകനും സഹായവുമായി രംഗത്ത് എത്തി. ഇതിനിടെ സേതുലക്ഷ്മിയുടെ മകന് വേണ്ടി തന്റെ വൃക്ക നല്കാന് തയ്യാറാണെന്ന് അറിയിച്ച് നടി പൊന്നമ്മ ബാബുവും രംഗത്തെത്തുകയായിരുന്നു.
പൊന്നമ്മ വന്നതോടു കൂടെ എല്ലാം ശരിയായി എന്ന് ആളുകള്‍ വിചാരിച്ചു. അതോടെ എല്ലാ സഹായങ്ങളും നിലച്ചു. കിഡ്നി കൊടുക്കാന്‍ സാധിക്കില്ല എന്ന വിവരം പൊന്നമ്മയ്ക്ക് അറിയാമായിരുന്നില്ലേ എന്നാണ് ചിലര്‍ എന്നോട് ചോദിച്ചതെന്നും ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ സേതുലക്ഷ്മി പറഞ്ഞു.
‘ഇപ്പോള്‍ ഡയാലിസിന് ചെയ്ത് കൊണ്ടിരിക്കുകയാണ്. നടി തെസ്നി ഖാനോട് ഒരു വര്‍ക്കിനിടെ മകന്റെ കാര്യം പറഞ്ഞു. ഈ കാര്യം തെസ്നി ഒരു സുഹൃത്തിനോട് പറഞ്ഞു. അങ്ങനെയാണ് ഫെയ്സ്ബുക്കില്‍ പ്രമോട്ട് ചെയ്തത്. അതോടെ ഒരുപാട് സഹായം വന്നു. അങ്ങനെ ഇരിക്കെയാണ് പൊന്നമ്മ വിളിക്കുന്നത്. പൊന്നമ്മയുടെ കിഡ്നി പോസിറ്റീവ് ആണ് പക്ഷേ കൊളസ്ട്രോള്‍ ഉണ്ട് എന്നൊക്കെ പറഞ്ഞു. ഒരുപാട് പേര് കിഡ്നി തരാമെന്ന് പറഞ്ഞ് വന്നെങ്കിലും പൊന്നമ്മ നടിയായത് കൊണ്ട് ആ പേര് ഫെയ്മസ് ആയി. അവര്‍ക്ക് അങ്ങനെ കുറെ സ്വീകരണങ്ങള്‍ ഒക്കെ കിട്ടി,’ സേതുലക്ഷ്മി പറയുന്നു.
സേതുലക്ഷ്മിയുടെ മകന് കിഷോറിന്റെ രണ്ട് കിഡ്നിയും തകരാറിലാണ്. കിഡ്നി മാറ്റിവെയ്ക്കുകയല്ലാതെ മറ്റൊരു നിവൃത്തിയുമില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.എന്നാല്‍ കിഡ്നി മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയുടെ ഭാരിച്ച ചെലവ് സേതുലക്ഷ്മിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഇതോടെയാണ് എല്ലാവരുടേയും സഹായം അഭ്യര്‍ത്ഥിച്ച് സേതുലക്ഷ്മി രംഗത്തെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല