സ്വന്തം ലേഖകന്‍: പ്രവാസികളെയും ആധാര്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുമെന്ന് പ്രവാസി ഭാരതി സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. പ്രവാസികളെയും ആധാര്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ കേന്ദ്രം നിയമഭേഗദതിക്കൊരുങ്ങുന്നു. പ്രവാസി ഭാരതി സമ്മേളനത്തില്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്. പ്രവാസി കൂട്ടായ്മകളുടെയും മറ്റും ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ്
കേന്ദ്രത്തിന്റെ നീക്കം. പുതിയ എമിഗ്രേഷന്‍ ബില്ലിന്മേല് ചര്‍ച്ച നടത്താനും സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചു.
വിദേശത്ത് ജീവിക്കുന്ന ഇന്ത്യക്കാര്‍ക്ക് നിലവില്‍ ആധാര്‍ ആനുകൂല്യം ലഭിക്കാന്‍ അര്‍ഹതയില്ല. ആധാര്‍ ആക്ട് പ്രകാരം പ്രവാസികള്‍ക്ക് ആധാര്‍കാര്‍ഡിന് അര്‍ഹതയും ഇല്ല. ഇന്ത്യയിലെ പല ആനുകൂല്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കെ പ്രവാസി സമൂഹം വലിയ പ്രയാസം നേരിടുന്നുണ്ട്. നിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്തി ആധാര്‍ ആക്ടില്‍ പ്രവാസികളെ കൂടി ഉടന്‍ ചേര്‍ക്കുമെന്നാണ് സുഷമ സ്വരാജ് അറിയിച്ചത്.
പ്രവാസികളുടെ ഇന്ത്യയില്‍ നടക്കുന്ന വിവാഹത്തിന് കൂടി ആധാര്‍ നിര്‍ബന്ധമാക്കാനുള്ള നീക്കം ശക്തമായിരിക്കെ, സര്‍ക്കാര്‍ നിലപാട് പ്രവാസികള്‍ക്ക് ഗുണകരമാകും. എന്‍ആര്‍ഐ, ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ, പഴ്സണ്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ എന്നിവരെ ആധാര്‍ ആക്ടിനു ചുവടെ കൊണ്ടുവരാനാണ് കേന്ദ്രനീക്കം. അതിനിടെ, പുതിയ എമിഗ്രേഷന്‍ നിയമത്തിലെ വ്യവസ്ഥകള്‍ക്കെതിരെ ഉയര്‍ന്ന എതിര്‍പ്പുകള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം അടുത്ത മാസം യോഗം വിളിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല