സ്വന്തം ലേഖകന്‍: ഹീത്രു വിമാനത്താവളത്തില്‍ ഇനി മോശം കാലവസ്ഥ മൂലം ലാന്‍ഡിങ്ങും ടേക്ക് ഓഫും താളംതെറ്റില്ല; പൈലറ്റുമാര്‍ക്ക് വഴികാട്ടാന്‍ അള്‍ട്രാ എച്ച്ഡി 4K ക്യാമറകളും കൃത്രിമ ബുദ്ധിയും. ലോകത്തെ രണ്ടാമത്ത തിരക്കേറിയ എയര്‍പോര്‍ട്ടും ബ്രിട്ടനിലെ ഏറ്റവും വലുതുമായ ഹീത്രൂവില്‍ പുതിയ സാങ്കേതികവിദ്യകള്‍ എത്തുന്നതോടെ മോശം കാലാവസ്ഥമൂലം വിമാനങ്ങള്‍ വൈകുന്നത് 20 ശതമാനം വരെ കുറയ്ക്കാനാകുമെന്നാണ് കരുതുന്നത്.
വെസ്റ്റ് ലണ്ടന്‍ എയര്‍പോര്‍ട്ടിലെ കണ്ട്രോള്‍ ടവറില്‍ സ്ഥാപിക്കുന്ന ഈ പുതിയ സാങ്കേതികവിദ്യ എയര്‍ ട്രാഫിക് കണ്ട്രോളര്‍മാര്‍ക്ക് കാലാവസ്ഥ മോശമായ സമയത്തും രാത്രിയിലും വരെ ഉപകാരപ്രദമാകുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഹൈസെന്‍സിറ്റീവ് ക്യാമറകളിലൂടെ കണ്ട്രോളര്‍മാര്‍ക്കും എയര്‍ഫീല്‍ഡ് കാണാന്‍ സാധിക്കും. രാത്രിയില്‍ കണ്ട്രോളര്‍മാര്‍ക്ക് മികവാര്‍ന്ന കാഴ്ച സാധ്യമാക്കാന്‍ എഐ ക്യാമറാ സിസ്റ്റം സഹായിക്കും.
ബ്രിട്ടനിലെ ഏറ്റവും പൊക്കമുള്ള കണ്ട്രോള്‍ ടവറാണെങ്കിലും മേഘങ്ങള്‍ താഴ്ന്നു നില്‍ക്കുന്ന കാലാവസ്ഥയില്‍ കണ്ട്രോളര്‍മാരുടെ കാഴ്ച കുറയുക പതിവാണ്. അതിനാല്‍ റണ്‍വെ ക്ലിയര്‍ ചെയ്‌തോ എന്നറിയാന്‍ സമയമെടുക്കുകയും ഒരോ ലാന്‍ഡിങ്ങിനും 20 ശതമാനം വരെ സമയ നഷ്ടം സംഭവിക്കുകയും ചെയ്യുക പതിവാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധിപ്പിച്ചിരിക്കുന്ന 20 അള്‍ട്രാ ഹൈഡെഫനിഷന്‍ ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എയര്‍ ട്രാഫിക് കണ്ട്രോളര്‍മാരോട് ഒരു വിമാനം റണ്‍വെ വിട്ടോ എന്ന കാര്യം വ്യക്തമായി പറയുന്നു.
ഇത് പിന്നാലെ വരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് എളുപ്പമാക്കുന്നു. അടുത്ത ആഴ്ചകളില്‍ ഈ സംവിധാനത്തിന്റെ ട്രയല്‍ തുടങ്ങും. ഈ വര്‍ഷം അവസാനത്തോടെ പുതിയ സിസ്റ്റം പ്രവര്‍ത്തനം തുടങ്ങുമെന്നാണ് പ്രതീക്ഷ. പുതിയ സിസ്റ്റത്തിലൂടെ, ഹീത്രു എയര്‍പോര്‍ട്ടിന് പരിപൂര്‍ണ്ണ ശേഷി കൈവരിക്കാനാകുമെന്ന് അധികൃതര്‍ പറയുന്നു. ഒരു വര്‍ഷത്തില്‍ ഏകദേശം 12 ദിവസങ്ങളിലാണ് മേഘങ്ങളിറങ്ങി ടവറിനെ വലയം ചെയ്ത് ഹീത്രുവിലെ കണ്ട്രോളര്‍മാര്‍ക്ക് കാഴ്ചയ്ക്ക് പ്രശ്‌നം നേരിടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല