സ്വന്തം ലേഖകന്‍: വെനസ്വേലയില്‍ അരാജകത്വം; ഒരു നേരത്തെ വിശപ്പടക്കാന്‍ മുടി മുറിച്ച് വിറ്റ് യുവതി; നേതാക്കളുടെ അധികാര വടംവലിക്കും അമേരിക്കന്‍ ചരടുവലിക്കുമിടയില് ജീവിക്കാന്‍ നെട്ടോട്ടമോടി ജനങ്ങള്‍. അതിദാരുണമായ വാര്‍ത്തകളാണ് നിക്കോളാസ് മഡുറോയുടെ വെനസ്വേലയില്‍ നിന്ന് പുറത്ത് വരുന്നത്.
ഒരു നേരത്തെ അന്നത്തിനായി മുടി മുറിച്ച് വില്‍ക്കേണ്ട ഗതികേടു വന്നു ഒരു യുവതിക്ക്. കൊളംബിയന്‍ അതിര്‍ത്തിലെത്തി മുടി മുറിച്ച് കൊടുത്താണ് പണം കണ്ടെത്തിയത്. വിഗ് നിര്‍മാതാവായ ലൂയിസ് ഫെര്‍ണാര്‍ഡോ എന്ന വെനസ്വേലന്‍ പൗരനാണ് 180,000 കൊളംബിയന്‍ പെസോസ്(ഏകദേശം 4,067 രൂപ) നല്കി മുടി വാങ്ങിയതെന്ന് ബിസിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പട്ടിണിയും ദാരിദ്ര്യവും നിറഞ്ഞ വെനസ്വേലയില്‍ നിന്ന് നിരവധി പേരാണ് അയല്‍രാജ്യങ്ങളിലേക്ക് പാലായനം ചെയ്യുന്നത്. മതിയായ രേഖകളോ പണമോ ഇല്ലാതെയാകും ഇവര്‍ പുറപ്പെടുക. ഇത്തരത്തില്‍ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന നൂറുകണക്കിന് സ്ത്രീകളാണ് പണത്തിന് വേണ്ടി മുടി മുറിച്ച് നല്‍കിയിട്ടുള്ളതെന്ന് ലൂയിസ് ഫെര്‍ണാര്‍ഡോ പറ!യുന്നു.
വെനസ്വേലയില്‍ അധികാര കൈമാറ്റത്തിനുള്ള ശക്തമായ നടപടിയുമായി മുന്നോട്ട് പോകുന്നതിനിടെ വെനസ്വേലന്‍ എണ്ണ കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തിയതായി അമേരിക്ക അറിയിച്ചു. വെനസ്വേലയിലെ എണ്ണ ഇറക്കുമതിയില്‍ 41 ശതമാനവും അമേരിക്കയില്‍ നിന്നുള്ളതാണ്. എന്നാല്‍ ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഉപയോഗിക്കാനാവാത്ത വിധം അക്കൌണ്ടുകള്‍ മരവിപ്പിക്കാനാണ് അമേരിക്കയുടെ തീരുമാനം.
വെനസ്വേലയിലെ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെയും പ്രതിപക്ഷ നേതാവ് യുവാന്‍ ഗയ്ഡോയ്ക്കെതിരെയും ഏതെങ്കിലും തരത്തിലുള്ള നടപടിയുണ്ടായാല്‍ ശക്തമായ തിരിച്ചടി പ്രതീക്ഷിക്കാമെന്ന് അമേരിക്കന്‍ സുരക്ഷാ വിഭാഗം ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ പറഞ്ഞിരുന്നു. മഡുറോയ്ക്കെതിരായ പ്രതിഷേധത്തിന് നേതൃത്വം നല്കുന്ന പ്രതിപക്ഷ നേതാവ് യുവാന്‍ ഗെയ്ഡോയ്ക്ക് അമേരിക്ക പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അമേരിക്കയടക്കം 21 രാജ്യങ്ങള്‍ വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോ രാജിവച്ച് പകരം യുവാന്‍ ഗെയ്ഡോ ഇടക്കാല പ്രസിഡന്റാകണമെന്ന് ആഴ്ചകള്‍ക്ക് മുമ്പേ നിലപാടെടുത്തിരുന്നു. അടുത്ത എട്ട് ദിവസത്തിനുള്ളില്‍ പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ലെങ്കില്‍ യുവാന്‍ ഗയ്ഡോയെ പ്രസിഡന്റായി പ്രഖ്യാപിക്കുമെന്ന് യൂറോപ്യന്‍ യൂണിയന് പറഞ്ഞു. എന്നാല്‍ ഈ ആവശ്യം വെനസ്വേല തള്ളി. പെട്രോളിയം, സ്വര്‍ണം എന്നിവയില്‍ കണ്ണ് വെച്ചാണ് വെനസ്വേല രാഷ്!ട്രീയത്തിലേക്കുള്ള അമേരിക്കയുടെ കടന്നു കയറ്റം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല