സ്വന്തം ലേഖകന്‍: മൂന്ന് പതിറ്റാണ്ടിന് ശേഷം ജിദ്ദയില്‍ സിനിമ മടങ്ങിയെത്തി; ആദ്യ സിനിമാ തിയേറ്റര്‍ പ്രവര്‍ത്തനം തുടങ്ങി. മൂന്ന് പതിറ്റാണ്ടിന് ശേഷമുള്ള ആദ്യ സിനിമാ തിയേറ്റര്‍ ജിദ്ദയില്‍ പ്രവര്‍ത്തനം തുടങ്ങി. റെഡ് സീ മാളില്‍ 12 ഹാളുകളിലായാണ് വിവിധ സിനിമകള്‍ പ്രദര്‍ശിപ്പിച്ചത്. പ്രതികൂല കാലവസ്ഥയിലും നിരവധിയാളുകള്‍ ആദ്യ പ്രദര്‍ശനത്തിനെത്തി.
ജനറല്‍ കമ്മീഷന് ഓഫ് ഓഡിയോ വിഷ്വല്‍ മീഡിയ സി.ഇ.ഒ ബദര്‍ അല്‍ സഹ്റാനിയാണ് ജിദ്ദയിലെ ആദ്യ സിനിമാ തിയേറ്റര്‍ ഉദ്ഘാടനം ചെയ്തത്. റെഡ് സീ മാളില്‍ 12 ഹാളുകളിലായി 1472 സീറ്റുകളുണ്ട്. രാവിലെ 9 മണിമുതല്‍ രാത്രി 12 മണിവരെയാണ് പ്രദര്‍ശനം. ഇന്ന് മുതല്‍ ഒരാഴ്ച വോക്സ് സിനിമാസിന്റെ വെബ് സൈറ്റ് വഴി മാത്രമേ ടിക്കറ്റുകള്‍ ലഭ്യമാകൂ. അടുത്തയാഴ്ച മുതല്‍ കൗണ്ടറുകളില്‍ നിന്ന് നേരിട്ടും ലഭിക്കും.
50, 70, 85, 100 റിയാല്‍ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. മുഴുവന്‍ ജീവനക്കാരും സ്വദേശികളാണ്. റെഡ് സീ മാളില്‍ പ്രതിവര്‍ഷം 300 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഓരോ ആഴ്ചയിലും ചുരുങ്ങിയത് 6 പുതിയ സിനിമകള്‍ പ്രദര്‍ശനത്തിനെത്തും. അഞ്ച് വര്‍ഷത്തിനകം രാജ്യത്താകമാനം 600 തിയേറ്ററുകള്‍ ആരംഭിക്കുകയാണ് ലക്ഷ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല