സ്വന്തം ലേഖകന്‍: റഷ്യന്‍ സൗന്ദര്യറാണിയെ വിവാഹം ചെയ്യാന്‍ കിരീടം കളഞ്ഞുകുളിച്ച മലേഷ്യന്‍ രാജാവ് വിവാഹ മോചനം തേടുന്നതായി റിപ്പോര്‍ട്ട്. റഷ്യന്‍ സൗന്ദര്യറാണി ഒക്സാന വിവോഡിനയെ സ്വന്തമാക്കാനാണ് 49കാരനായ സുല്‍ത്താന്‍ അഹമ്മദ് അഞ്ചാമന് തന്റെ അധികാരം ഉപേക്ഷിച്ചത്. മോസ്കോയില്‍ നവംബറില്‍ ആഡംബരങ്ങളോടെ ഇവര്‍ വിവാഹിതരാകുകയും ചെയ്തു. .
ചരിത്രത്തിലാദ്യമായാണ് ഒരു മലേഷ്യന്‍ രാജാവ് കാലാവധി തികയ്ക്കാതെ സ്ഥാനം ഒഴിയുന്നത്. 2016 ഡിസംബറിലാണ് സുല്‍ത്താന്‍ മുഹമ്മദ് അഞ്ചാമന് അധികാരമേറ്റത്. രാജഭരണം നിലനില്ക്കുന്നതും മുസ്ലിം ഭൂരിപക്ഷ രാജ്യവുമായ മലേഷ്യയില്‍ അഞ്ചു വര്‍ഷം കൂടുമ്പോഴാണ് പുതിയ രാജാവ് അധികാരമേല്‍ക്കുന്നത്.
അധികാരമാറ്റത്തിന് രണ്ട് വര്‍ഷം കൂടി ബാക്കിനില്കെയാണ് സുല്‍ത്താന്‍ മുഹമ്മദ് അഞ്ചാമന് അപ്രതീക്ഷിത സ്ഥാനത്യാഗം നടത്തിയത്.
എന്നാല്‍ രാജകുടുംബത്തില്‍ കോളിളക്കമുണ്ടാക്കിയ വിവാഹബന്ധം ഉലയുന്നതായി റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റിയാലിറ്റിഷോയില്‍ സഹമത്സരാര്‍ത്ഥിയുമായി നീന്തല്‍ക്കുളത്തില്‍ ഒക്സാന ഇഴുകി ചേര്‍ന്നു നില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതും രാജകുടുംബത്തിന്റെ എതിര്‍പ്പും പ്രധാനകാരണങ്ങളായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടികാണിക്കുന്നു.
ഇരുവരുടെയും വിവാഹ ചിത്രങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു. 2015 ലെ മിസ് മോസ്കോ ആയ ഒക്സാന, ഇസ്ലാം മതം സ്വീകരിച്ചതായും വാര്‍ത്തകളുണ്ടായിരുന്നു. 1957ല്‍ മലേഷ്യ ബ്രിട്ടനില്‍നിന്ന് സ്വാതന്ത്ര്യം നേടിയശേഷം സ്ഥാനത്യാഗം ചെയ്യുന്ന ആദ്യത്തെ രാജാവാണ് സുല്‍ത്താന്‍ മുഹമ്മദ്. ഒക്സാന ഗര്‍ഭിണിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ വിവാഹമോചന വാര്‍ത്തകള്‍ ഒക്സാനയുടെ കുടുംബം നിഷേധിച്ചു. വാര്‍ത്തകള്‍ കെട്ടുകഥകളാണെന്നായിരുന്നു ഒക്സാനയുടെ പിതാവിന്റെ പ്രതികരണം. വാര്‍ത്തകള്‍ വളച്ചൊടിക്കുകയാണെന്നും എല്ലാം വെറും തെറ്റിധാരണകളാണെന്നും ഒക്സാനയുടെ പിതാവ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല