സ്വന്തം ലേഖകന്‍: ഏഷ്യാ കപ്പ് ഖത്തറിനാണെങ്കിലും ലോട്ടറി അടിച്ചത് സാവിയ്ക്ക്; കിറുകൃത്യമായ പ്രവചനങ്ങളില്‍ ഞെട്ടി ഫുട്ബോള്‍ ലോകം; സാവിയെ വിളിച്ച് ഭാവിയറിയാന്‍ ഖത്തര്‍ പരിശീലകന്. പ്രവചനത്തില്‍ പോള്‍ നീരാളി പോലും സ്പാനിഷ് താരം സാവിക്ക് മുന്നില്‍ തോറ്റുപോകുമെന്നാണ് സമൂഹ മാധ്യമങ്ങള്‍ പറയുന്നത്. എഎഫ്സി ഏഷ്യന്‍ കപ്പ് ഫൈനലില്‍ ജപ്പാനും ഖത്തറും ഏറ്റുമുട്ടുമെന്നും ഖത്തര്‍ ചാമ്പ്യന്മാരാകുമെന്നും ഒരു മാസം മുമ്പ് സാവി പ്രവചിച്ചിരുന്നു.
എന്നാല്‍ ഇതിനെ പരിഹാസത്തോടെയാണ് പലരും സ്വീകരിച്ചത്. ഖത്തര്‍ ക്ലബ്ബില്‍ കളിക്കുന്നത് കാരണം അവര്‍ക്ക് അനുകൂലമായി സാവി പറയുകയാണ് എന്നായിരുന്നു പ്രധാന പരിഹാസം. എന്നാല്‍ സാവി പറഞ്ഞതുപോലെ തന്നെ സംഭവിച്ചു. ഏഷ്യന്‍ ശക്തികളായ ജപ്പാനെ കീഴടക്കി ഖത്തര്‍ ചരിത്രത്തില്‍ ആദ്യമായി എഎഫ്സി ഏഷ്യന്‍ കപ്പ് കിരീടം നേടി. ഇതോടെ സാവിയെ അഭിനന്ദിച്ച് നിരവധി ആരാധകരാണ് രംഗത്തുവന്നിരിക്കുന്നത്.
ഇപ്പോഴിതാ ഭാവി കാര്യങ്ങള്‍ അറിയാന്‍ ബാഴ്സലോണയുടെ മുന്‍ താരമായ സാവിയെ വിളിക്കാനിരിക്കുകയാണ് ഖത്തര്‍ പരിശീലകന് ഫെലിക്സ് സാഞ്ചെസ്.താന്‍ ഉടന്‍ തന്നെ സാവിയെ വിളിക്കുമെന്നും ഭാവിയില്‍ ഇനി എന്തൊക്കെയാണ് നടക്കാന്‍ പോകുന്നതെന്ന് അറിയണമെന്നും സാഞ്ചെസ് തമാശരൂപേണ പറഞ്ഞു. ഖത്തറിന്റെ വരും മത്സരങ്ങളുടെ ഫലവും സാവിയോട് ചോദിക്കണം. എന്താണ് നടക്കുക എന്ന് അറിയാമെങ്കില്‍ സമാധാനത്തോടെ ഇരിക്കാമല്ലോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏഷ്യന്‍ കപ്പിന് മുന്നോടിയായി സാവി നടത്തിയ പ്രവചനങ്ങള്‍ ഗ്രൂപ്പ് ഘട്ടം മുതല്‍ സത്യമാവുകയായിരുന്നു. ഇന്ത്യ ഉള്‍പ്പെടെ ഉള്ള ഗ്രൂപ്പുകള്‍ കൃത്യമായി സാവി പ്രവചിച്ചിരുന്നു. ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു അത്ഭുതവും കാണിക്കില്ല എന്ന് സാവി പറഞ്ഞിരുന്നു. ഗ്രൂപ്പില്‍ നാലാം സ്ഥാനത്തായിരിക്കും ഇന്ത്യ എത്തുക എന്നായിരുന്നു സാവിയുടെ പ്രവചനം. സാവി പ്രവചിച്ച നാലു ടീമുകളില്‍ മൂന്നും സെമിയിലെത്തി. ഓസ്ട്രേലിയക്ക് പകരം യു.എ.ഇ കയറിയത് മാത്രമായിരുന്നു സാവിക്ക് പിഴച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല