സ്വന്തം ലേഖകന്‍: മാര്‍പാപ്പയ്ക്കായി സ്നേഹത്തിന്റെ വാതിലുകള്‍ തുറന്നിട്ട് യുഎഇ; ദിവ്യബലിയില്‍ മലയാളം പ്രാര്‍ഥനയും. ഇന്ന് അബുദാബിയിലെത്തുന്ന മാര്‍പാപ്പയെ സ്വീകരിക്കാന്‍ നിരത്തുകളിലെങ്ങും യുഎഇ ദേശീയ പതാകകളും പേപ്പല്‍ പതാകകളും നിറഞ്ഞുകഴിഞ്ഞു രാത്രി 10ന് അബുദാബി പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ മാര്‍പാപ്പയ്ക്കു വരവേല്പ് നല്‍കും. ഈജിപ്തിലെ അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാം ഡോ.അഹ്മദ് അല്‍ തയ്യിബ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തും.
അല്‍ മുഷ്റിഫ് കൊട്ടാരത്തിലാണു മാര്‍പാപ്പയുടെ താമസം.അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ക്ഷണപ്രകാരം മാനവസാഹോദര്യസംഗമത്തില്‍ പങ്കെടുക്കുന്നതിനാണു മാര്‍പാപ്പയുടെ സന്ദര്‍ശനം. അബുദാബി എമിറേറ്റ്സ് പാലസില്‍ ഇന്നു രാവിലെ സംഗമം ആരംഭിക്കും. വിവിധ രാജ്യങ്ങളിലെ മതങ്ങളുടെ പ്രതിനിധികളായി എഴുനൂറോളം പേര് പങ്കെടുക്കും. ഫൗണ്ടഴ്സ് മെമ്മോറിയലില്‍ നടക്കുന്ന സമാപന യോഗത്തില്‍ നാളെ വൈകിട്ടാണു മാര്‍പാപ്പ സന്ദേശം നല്‍കുക.
ആഗോള സമാധാനത്തിനായി കൈകോര്‍ക്കേണ്ടതിന്റെയും സഹിഷ്ണുത ഊട്ടിയുറപ്പിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് അദ്ദേഹം പ്രസംഗിക്കും. നാളെ ഉച്ചയ്ക്കു 12നു യുഎഇ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഫ്രാന്‍സിസ് മാര്‍പാപ്പയെ സ്വീകരിക്കും. വത്തിക്കാനിലെയും യുഎഇയിലെയും ഉന്നതതല ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തും.
ത്രിദിന സന്ദര്‍ശനത്തിനിടെ ചൊവ്വാഴ്ച അബുദാബിയിലെ സഈദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ മലയാളഭാഷയിലും പ്രാര്‍ഥനയുണ്ടായിരിക്കും. കുര് ബാനയ്ക്കിടെയുള്ള വിശ്വാസികളുടെ പ്രാര്‍ഥനയാണ് മലയാളമുള്‍പ്പെടെ ഏഴ് ഭാഷകളില്‍ ചൊല്ലുക. അറബി, ഹിന്ദി, കൊറിയന്‍, ഫിലിപ്പീന്‍സിലെ പ്രാദേശിക ഭാഷയായ താഗലോഗ്, ഇംഗ്ലീഷ്, ഫ്രഞ്ച് എന്നീ ഭാഷകളിലും പ്രാര്‍ത്ഥന ചൊല്ലും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല