സ്വന്തം ലേഖകന്‍: കരിപ്പൂരില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന് ഉറപ്പു നല്കി എയര്‍ ഇന്ത്യ. വലിയ വിമാനങ്ങള്‍ സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായി എയര്‍ ഇന്ത്യ ചെയര്മാന് പ്രദീപ് സിംഗ് ഖരോള കരിപ്പൂരിലെത്തിയപ്പോഴാണ് ഉറപ്പ് നല്‍കിയത്. പികെ കുഞ്ഞാലിക്കുട്ടി എംപിയുമായി അദ്ദേഹം ചര്‍ച്ച നടത്തി.
വലിയ വിമാനങ്ങളുമായുള്ള എയര്‍ ഇന്ത്യയുടെ സര്‍വീസ് അനിശ്ചിതമായി നീളുന്നതിനിടെയാണ് ചെയര്‍മാന്റെ സന്ദര്‍ശനവും ഉറപ്പും. വലിയ വിമാനങ്ങളുമായി അടുത്ത മാസം മുതല്‍ കരിപ്പൂരില്‍ നിന്ന് സര്‍വീസ് ആരംഭിക്കാനുള്ള ഒരുക്കങ്ങള്‍ എയര്‍ഇന്ത്യ ആരംഭിച്ചു കഴിഞ്ഞു.
ഹജ് യാത്ര കേന്ദ്രമായി വീണ്ടും പ്രഖ്യാപിച്ചതോടെ ആദ്യ ഹജ് വിമാനം കരിപ്പൂരില്‍ നിന്നു തന്നെ ആരംഭിക്കണമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി ആവശ്യപ്പെട്ടു. കണ്ണൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് ആരംഭിക്കുന്ന പുതിയ ആഭ്യന്തര സര്‍വീസ് കരിപ്പൂര്‍ വഴിയാണമെന്ന നിര്‍ദേശവും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.
കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇന്ധന നികുതി 28 ശതമാനത്തില്‍ നിന്ന് ഒരു ശതമാനമാക്കി കുറച്ചതിന്റെ പേരില്‍ കരിപ്പൂരില്‍ നിന്നുള്ള സര്‍വീസുകള്‍ മാറ്റരുതെന്ന ആവശ്യം നേരത്തെ യാത്രക്കാര്‍ ഉന്നയിച്ചിരുന്നു. ഇന്ധന നികുതി കുറച്ചതോടെ കരിപ്പൂരില്‍നിന്നുള്ള ആഭ്യന്തര സര്‍വ്വീസുകള്‍ കണ്ണൂരിലേക്ക് മാറാന്‍ തുടങ്ങിയിരുന്നു. കൂടുതല്‍ ആഭ്യന്തര സര്‍വ്വീസുകള്‍ കണ്ണൂരില്‍നിന്ന് തുടങ്ങിയത് കരിപ്പൂരിന് തിരിച്ചടിയാകുമെന്നാണ് ആശങ്ക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല